ഗ്രിസ്മാന്‍: ഉദിച്ചുയരുന്ന നക്ഷത്രം, ഉരുക്കില്‍ തീര്‍ത്ത പ്രതിഭ

ഇപ്പോള്‍, ലോകത്തെ ഏറ്റവും മികച്ച അഞ്ച് സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് അന്റോണിയോ ഗ്രിസ്മാന്‍. അര്‍ജ്ജന്റീനയുടെ മെസി, പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍, ഫ്രാന്‍സിന്റെ ഗ്രിസ്മാന്‍, ഈജിപ്റ്റിന്റെ സാഹ. ആധുനിക ഫുട്‌ബോളിനെ ശ്രദ്ധിക്കുന്നവരാരും ഈ ക്രമപ്പെടുത്തലിനോട് വിയോജിക്കുമെന്ന് തോന്നുന്നില്ല.

അഞ്ചു പേരും ലോകത്തെ ഏറ്റവും മികച്ച അഞ്ച് ക്ലബ്ബ് ടീമുകളില്‍ കളിക്കുന്നവര്‍. നിത്യനൂതനമായ പ്രതിഭകൊണ്ട് ആരാധക മനസിനെ അത്ഭുതപ്പെടുത്തുന്നവര്‍. ഈ അഞ്ചുപേരും അവരവരുടെ രാജ്യങ്ങള്‍ക്കു വേണ്ടി റഷ്യയില്‍ ലോകകപ്പു കളിക്കാന്‍ വരും. ഇവരില്‍ ആരെങ്കിലുമൊരാളാകാം അവിടെ മികച്ച കളിക്കാരനോ ടോപ്‌സ്‌കോററോ ആവുക.

ഇവര്‍കളിക്കുന്ന ദേശീയ ടീമുകളുടെ നിലവാരം പരിശോധിച്ചാല്‍ നെയ്മറും ഗ്രിസ്മാനും തമ്മിലാകാം അവസാന പോരാട്ടം. മെസിയുടെ അര്‍ജ്ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇക്കുറി ലോകകപ്പ് നേടാന്‍ പോന്ന ടീമുകളായിരിക്കില്ല. എന്നാല്‍ നെയ്മറുടെ ബ്രസീലും ഗ്രിസ്മാന്റെ ഫ്രാന്‍സും അങ്ങനെയല്ല. റഷ്യയില്‍ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളുമാണവ. അതിനാല്‍ മികച്ച കളിക്കാരന്‍, ടോപ്‌സ്‌കോറര്‍ മല്‍സരങ്ങളില്‍ ഇവര്‍ രണ്ടുപേരുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു കാര്യം കൂടി ഇവിടെ ഓര്‍ക്കാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ച 2016-ലെ യൂറോ കപ്പില്‍ മികച്ച കളിക്കാരനും ടോപ്‌സ്‌കോററും ഗ്രിസ്മാനായിരുന്നു. അവിടെ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലായിരുന്നു ചാമ്പ്യന്മാര്‍. ഗ്രിസ്മാന്റെ ഫ്രാന്‍സ് നിര്‍ഭാഗ്യം കൊണ്ടുമാത്രം രണ്ടാം സ്ഥാനത്തായി.

നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ടീം പിഎസ്ജി യിലേക്ക് മാറിയപ്പോള്‍ പകരം ബാഴ്‌സലോണ പരിഗണിച്ച ആദ്യ പേര്‍ ഗ്രിസ്മാന്റേതായിരുന്നു. പക്ഷേ അദ്ദേഹം അത്‌ലറ്റിക്കോ മാഡ്രിഡ് വിടാന്‍ ഒരുക്കമായിരുന്നില്ല. റയല്‍ മാഡ്രിഡും ഗ്രിസ്മാന്റെ പിറകിലുണ്ടായിരുന്നു. 2016-ലെ ബാലന്‍ ഡി ഓര്‍ പട്ടികയിലും ഗ്രിസ്മാന്‍ ഇടംപിടിച്ചു. അവിടെ റൊണാള്‍ഡോയ്ക്കും മെസിക്കും പിറകേ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം.

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി ടീമികള്‍ക്കാണ്. 1970, 1882, 1986 ലോകകപ്പ് ടീമുകളെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ബ്രസീല്‍ ടീം. സമീപകാലത്തൊന്നും ഇത്രയും ലോകോത്തര താരങ്ങള്‍ ഒരുമിച്ച് അവരുടെ ദേശീയ ടീമില്‍ വന്നിട്ടില്ല.

1998-ല്‍ ലോകകപ്പും രണ്ടായിരത്തില്‍ യൂറോ കപ്പും നേടിയ ഫ്രാന്‍സ് ടീമിനെയാണ് ഇപ്പോഴത്തെ അവരുടെ ടീം ഓര്‍മിപ്പിക്കുന്നത്. 1998-ല്‍ സിദാന്‍, പാട്രിക് വിയേര, ദിദിയന്‍ ഡെസ്‌ക്യാമ്പ്, റോബര്‍ട്ട് പിറസ്, തിയറി ഹെന്‍ട്രി, ഡേവിഡ് ട്രെസഗേ, ഫാബിയന്‍ ബാര്‍ത്തേസ് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. ലോകോത്തരപ്രതിഭകളുടെ ഒരു വന്‍നിരയായിരുന്നു അത്.

അതില്‍നിന്ന് അല്‍പം മുകളില്‍ നില്‍ക്കും ഇപ്പോഴത്തെ ടീം. ബാഴ്‌സലോണയുടെ ലൂക്കാസ് ഡിഗ്നി, ഉംടിറ്റി, അത്‌ലറ്റിക്കോയുടെ ലൂക്കാസ് വെര്‍നാദത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, മാര്‍ഷാല്‍, ചെല്‍സിയുടെ ഒളിവര്‍ ജിറൗഡ്, പിഎസ്ജിയുടെ മാബാപ്പേ എന്നിവര്‍. ഇവരോടൊപ്പമാണ് ഗ്രിസ്മാനും ചേരുന്നത്.

ജര്‍മനിയും മികച്ച ടീം തന്നെയാണ്. ഫൈനലിന് മുമ്പ് ഈ ടീമുകള്‍ക്ക് പരസ്പരം ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടാകാതിരുന്നാല്‍. ഈ മൂന്നു ടീമുകളില്‍ രണ്ടെണ്ണം ഫൈനല്‍ കളിക്കാനുണ്ടാകും. അങ്ങനെ സംഭവിച്ചാലത് ഗ്രിസ്മാന്റെ കരിയറിലെ ഏറ്റവും മികച്ച സന്ദര്‍ഭവും അവസരവുമാകും.

1991-മാര്‍ച്ച് 21-ന് പാരീസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മധ്യഫ്രാന്‍സിലുള്ള മാക്കോണ്‍ എന്ന ചെറുപട്ടണത്തിലാണ് ഗ്രിസ്മാന്‍ ജനിച്ചത് നാല്‍പതിനായിരം മാത്രമാണ് അവിടെ ജനസംഖ്യ. പിതാവായ അലൈന്‍ അവിടെ ടൗണ്‍ കൗണ്‍സിലറായിരുന്നു. മാക്കോണിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ തൂപ്പുകാരിയായിരുന്നു അമ്മ ഇസബല്‍. സഹോദരനായ തിയോ ഗ്രിസ്മാന്‍. സഹോദരി മൗഡി, ഗ്രിസ്മാന്‍ ഭാര്യയും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ എറിക്ക ചോപ്പറേന മകള്‍ മിയ എന്നിവരടങ്ങുന്നതാണ് ഗ്രിസ്മാന്റെ കുടംബം. സഹോദരന്‍ തീയോ ഗ്രിസ്മാന്‍ ആന്റോണിയോ ഗ്രിസ്മാനെപ്പോലെ പ്രൊഫഷണല്‍ ഫുട്‌ബോളറാണ്. ഒരു കാലത്ത് ലൂയിഫിഗോ, റൊണാള്‍ഡോ, നാനി എന്നിവര്‍ കളിച്ചിരുന്ന സ്‌പോട്ടിംഗ് മാക്കോണ്‍ എന്ന പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ കളിക്കാരനാണദ്ദേഹം.

ഫ്രാന്‍സിലാണ് ജനിച്ചതെങ്കിലും ഗ്രിസ്മാന്‍ യഥാര്‍ഥത്തില്‍ പോര്‍ച്ചുഗീസ് കാരനാണ്. പോര്‍ച്ചുഗലില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അതിനു പിന്നില്‍ അല്‍പം രാഷ്ട്രീയവുമുണ്ട്. 1932-മുതല്‍ 68-വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ആന്റോണിയോ സലാസര്‍ ഏകാധിപതിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തോട് കലഹിച്ച് ഗ്രിസ്മാന്റെ മുത്തച്ഛനായ അംറോലോപ്പസ് ഭാര്യേയോടൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറാന്‍ തീരുമാനിക്കുകയായിരുന്നു.

ആംറോ ലോപ്പസ് പോര്‍ച്ചുഗലിലെ മികച്ച ഫുട്‌ബോളറുമായിരുന്നു. 1992-ല്‍ അദ്ദേഹം മരിച്ചു. എങ്കിലും പോര്‍ച്ചുഗലിലെ വേരുകളൊന്നും കുടംബം നഷ്ടപ്പെടുത്തിയിട്ടില്ല. അമ്മയുടെ നാടെന്ന നിലയില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും ഗ്രിസ്മാന് വേണമെങ്കില്‍ കളിക്കാം. ഒരിക്കല്‍ ഗ്രിസ്മാന്‍ അങ്ങനെ തീരുമാനിക്കുകയും ചെയ്തിരുന്നു. അന്ന് ഫ്രാന്‍സിന്റെ ഇരുപതു വയസിന് താഴെയുള്ളവരുടെ ടീമില്‍ കളിക്കുകയായിരുന്നു ഗ്രിസ്മാന്‍. ടീംഗങ്ങളോടൊപ്പം രഹസ്യമായി ഗ്രിസ്മാന്‍ ഒരു നൈറ്റ് ക്ലബ്ബ് സന്ദര്‍ശിച്ചു. സംഭവം ടീം അധികൃതരുടെ ചെവിയിലെത്തിയതോടെ കുറച്ചു പേരെ ടീമില്‍ നിന്നു പുറത്താക്കി. അക്കൂട്ടത്തില്‍ ഗ്രിസ്മാനും ഉണ്ടായിരുന്നു. അതില്‍ പ്രതിഷേധിച്ച് അദ്ദേഹം പോര്‍ച്ചുഗലിലേക്ക് മടങ്ങാനും അവരുടെ ദേശീയ ടീമില്‍ കളിക്കാനും തീരുമാനിച്ചു. 2013-ല്‍ ആയിരുന്നു സംഭവം. അപകടം മനസിലാക്കിയ ദേശീയ സീനിയര്‍ ടീം പരിശീലകന്‍ ദിദിയന്‍ ഡെസ്‌കാമ്പ് ഗ്രിസ്മാനെ തിരിച്ചു വിളിക്കുകയും ദേശീയ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അല്ലാതിരുന്നെങ്കില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം റഷ്യയില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമാകുമായിരുന്നു ഗ്രിസ്മാന്‍.

ഗ്രിസ്മാന്റെ മുത്തച്ഛന്‍ കളിക്കാരനായിരുന്നെങ്കിലും ഫ്രാന്‍സിലെത്തിയതോടെ ജീവിക്കാന്‍ അദ്ദേഹത്തിന് മറ്റ് തൊഴിലുകള്‍ അന്വേഷിക്കേണ്ടിവന്നു. ഒടുവില്‍ കരാര്‍ പണിയില്‍ ഏര്‍പ്പെടുകയായിരുന്നു. സിറ്റി കൗണ്‍സിലര്‍ എന്ന നിലയില്‍ കിട്ടുന്ന തുച്ഛമായ തുകമാത്രമായിരുന്നു ഗ്രസ്മാന്റെ പിതാവിന്റെ വരുമാനം. തൂപ്പുകാരി എന്ന നിലയില്‍ അമ്മയുടെ വരുമാനവും തുച്ഛമായിരുന്നു. അതിനാല്‍ മുത്തച്ഛന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗ്രിസ്മാന്റെ കുടംബം പുലര്‍ന്നിരുന്നത്.

92-ല്‍ മുത്തച്ഛന്‍ മരിച്ചതോടെ വലിയ ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധികളിലും കുടുംബം അകപ്പെട്ടു. ഫീസുകൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ടു വര്‍ഷത്തോളം ഗ്രിസ്മാന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും മുടങ്ങി. ദാരിദ്രത്തിന്റേയും ഇല്ലായ്മയുടേയും കാഠിന്യമെന്താണെന്ന് കുടംബം ആദ്യമായി തരിച്ചറിഞ്ഞു. എന്നാല്‍ അതിനുമുന്നില്‍ മുട്ടുമടക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ആശുപത്രിയിലെ ജോലികഴിഞ്ഞു കിട്ടുന്ന സമയത്ത് അമ്മ സമീപത്തുള്ള രണ്ടു വീടുകളില്‍ വസ്ത്രം കഴുകാനും വീടു വൃത്തിയാക്കുവാനും പോയിത്തുടങ്ങി. അച്ഛന്‍ അടുത്തള്ള ബേക്കറിയില്‍ വാന്‍ സെയില്‍സിലും ഏര്‍പ്പെട്ടു.

അന്ന് ഏഴുവയസായിരുന്നു ഗ്രിസ്മാന്. കുട്ടിയായ ഗ്രിസ്മാനും ബേക്കറിയിലെ പാചകോപകരണങ്ങള്‍ തേച്ചുമിനുക്കുന്ന പണിയില്‍ ഏര്‍പ്പെട്ടു. അങ്ങനെയാണ് ആ കുടംബം അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന സാമ്പത്തിക ക്ലേശങ്ങളെ അതിജീവിച്ചത്. കളിയില്‍ നിന്നു പണം സമ്പാദിക്കാന്‍ തുടങ്ങുന്നതുവരെ ആ പണി തുടരുകയും ചെയ്തു.

കഠിനമാണെങ്കിലും ദാരിദ്ര്യവും വിശപ്പും എന്തെന്നറിയുന്നത് നല്ലതാണെന്ന് ഗ്രിസ്മാന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അത് ലോകത്തെ മനസിലാക്കാന്‍ നമ്മെ സഹായിക്കും. സഹജീവികളോടുള്ള സഹാനുഭൂതിയെ വര്‍ധിപ്പിക്കും. കുടംബത്തിന്റേയും സമൂഹത്തിന്റേയും ഭദ്രതയെക്കുറിച്ച് നമ്മളെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കും. പില്‍ക്കാലത്ത് ജീവകരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ജീവിതത്തെ ചിട്ടയോടെ ക്രമപ്പെടുത്താനും തന്നെ സഹായിച്ചതും കുട്ടിക്കാലത്തെ പട്ടണിയോളം പോന്ന ദുരിതങ്ങളാണെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.

മുത്തച്ഛന്‍ മരിക്കാതിരുന്നെങ്കില്‍ എന്റെ വീട്ടിലേക്ക് പട്ടിണി വരുമായിരുന്നില്ല. ആരുടേയും ജീവതം നേര്‍രേഖയിലല്ല സഞ്ചരിക്കുന്നത്. അവിടെ എന്തും എപ്പോഴും സംഭവിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവയെ നേരിടാനുള്ള കരുത്തു സംഭരിക്കുകയാണ് വേണ്ടത്. എട്ടുവയസ് പ്രായമുള്ളപ്പോഴാണ് ഞാന്‍ ബേക്കറിയിലെ പാത്രം കഴുകുന്ന ജോലി ചെയ്തിരുന്നത്. അത് രാത്രി ഒരുമണിവരെ തുടരുമായിരുന്നു. അതിനു ശേഷം വളരെ കുറച്ചു സമയം മാത്രമേ ഉറങ്ങാന്‍ കിട്ടിയിരുന്നുള്ളൂ. അഞ്ചുമണിക്ക് പരിശീലനത്തിന് ഗ്രൗണ്ടില്‍ എത്തണമായിരുന്നു. അതിനു ശേഷം സ്‌കൂളിലും. പലപ്പോഴും ആഹാരമൊന്നും കഴിക്കാതെയാണ് പരിശീലനത്തിനും സ്‌കൂളിലും പോയിരുന്നത്. വൈകുന്നേരം ബേക്കറിയില്‍ നിന്ന് എന്തെങ്കിലും കഴച്ചാണ് രാത്രി ഒരു മണിവരെ ജോലി ചെയ്തിരുന്നത്. നിരാശയൊന്നും തോന്നിയിരുന്നില്ല. അനുജനും അനുജത്തിയും വിശപ്പറിയുന്നില്ലല്ലോ എന്ന സന്തോഷവുമുണ്ടായിരുന്നു. തുച്ഛമാണെങ്കിലും ഞാന്‍ കൊണ്ടു കൊടുക്കുന്ന പൈസ അച്ഛനും അമ്മയ്ക്കും സഹായമാകുന്നുണ്ടല്ലോ എന്ന ആശ്വാസവും ഉണ്ടായിരുന്നു.

അതിനപ്പുറത്ത് പരിശീലന സയയത്ത് ലഭിക്കുന്ന അഭിനന്ദനങ്ങളും പ്രധാനമായിരുന്നു. ഭാവിയില്‍ ഞാന്‍ തിയറി ഹെന്‍ട്രിയെപ്പോലെ വലിയ കളിക്കാരനാകുമെന്ന് ചിലര്‍ പറയുകയും ചെയ്തിരുന്നു. കളിയില്‍ നിന്ന് വലിയ പ്രതിഫലം വാങ്ങുമ്പോള്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും അല്ലലില്ലാതെ സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. ഗ്രിസ്മാന്‍ പറയുന്നു.

ആറാം വയസിലാണ് ഗ്രിസ്മാന്‍ ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കുന്നത്. സ്വന്തം പട്ടണമായ മാക്കോണില്‍. ക്ലബ്ബിന്റെ പേരും മാക്കോണ്‍ എന്നായിരുന്നു, എട്ടുവയസുവരെ അവിടെ തുടര്‍ന്നു. 1999-ല്‍ മക്കോണസ് എന്ന മറ്റൊരു ക്ലബ്ബില്‍ ചേര്‍ന്നു. 2005 വരെ അവര്‍ക്കു വേണ്ടിയാണ് കളിച്ചത്. ഇതിനിടയില്‍ ഗ്രിസ്മാന്‍ മക്കോണില്‍ താരമായിക്കഴിഞ്ഞിരുന്നു. മല്‍സരം കാണാന്‍ മാത്രമല്ല ഗ്രിസ്മാന്‍ പരിശീലനം നടത്തുന്നതു കാണാനും ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവിടത്തെ മറ്റു ക്ലബ്ബുകള്‍ ഗ്രിസ്മാനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

ഇതിനിടയില്‍ പല വലിയ ക്ലബ്ബുകളുടേയും സെലക്ഷന്‍ ട്രയല്‍സിലും പങ്കെടുത്തു. എന്നാല്‍ ഗ്രിസ്മാന്റെ ഉയരക്കുറവും ദുര്‍ബലമായ ശരീരവും ക്ലബ്ബുകള്‍ക്ക് ഇഷ്ടമായില്ല. ഇതേ കാരണങ്ങള്‍ പറഞ്ഞ് രണ്ടു തവണ ഒളിമ്പിക്‌സ് ലിയോണ്‍ എന്ന ക്ലബ്ബ് ഗ്രിസ്മാനെ പുറന്തള്ളി. അപ്പോഴൊക്കെ കടുത്ത നിരാശ തോന്നിയിരുന്നെങ്കിലും ലോകം തന്റെ കളി അംഗീകരിക്കുന്ന കാലം വരുമെന്ന് അദ്ദേഹം ആശ്വസിച്ചു.

എന്തായാലും 2005-ല്‍ അത് ഫലപ്രാപ്തിയിലെത്തി. അന്ന് പാരീസ് സെന്റ് ജെര്‍മന്‍ നടത്തിയൊരു മല്‍സരത്തില്‍ അവര്‍ക്കെതിരെ കളിക്കാനുള്ള അവസരം ഗ്രിസ്മാന് ലഭിച്ചു. അദ്ദേഹത്തിന്റെ സ്‌കില്ലും തന്ത്രങ്ങളും ഗോളടിയിലുള്ള മികവും ശ്രദ്ധിച്ച സ്പാനിഷ് ടീം റയല്‍ സോസിഡാഡിന്റെ ഫ്രഞ്ച് സ്‌കൗട്ട് എറിക്കോള്‍ ഹാറ്റ്‌സ് ഗ്രിസ്മാനെ ശ്രദ്ധിച്ചു. അതോടെ വലിയ ക്ലബ്ബിന്റെ ഭാഗമാകണമെന്ന ഗ്രിസ്മാന്റെ മോഹം ഫലിച്ചു. അങ്ങനെ 2005-ല്‍ സ്‌പെയിനിലെത്തി. ക്ലബ്ബിന്റെ ആസ്ഥാനമായ സാന്‍ സെബാസ്റ്റ്യനിലായിരുന്നു പരിശീലനം.

ഉറൂഗ്വേയുടെ മുന്‍ ഡിഫന്ററായിരുന്ന മാര്‍ട്ടിന്‍ ബെര്‍ണാഡോ ലാസററ്റേയായിരുന്നു പരിശീലകന്‍. നാലു വര്‍ഷം സോസിഡാഡിന്റെ യൂത്തു ടീമില്‍ കളിച്ചു. 2009-ല്‍ പ്രീ-സീസണ്‍ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ പരിശീലകന്‍ ഗ്രിസ്മാനെ ഉള്‍പ്പെടുത്തി. നാലു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോള്‍ നേടിക്കൊണ്ട് തന്റെ ക്ലാസ് എന്താണെന്ന് ഗ്രസ്മാന്‍ തെളിയിച്ചു. ടീമിന്റെ ലഫ്റ്റ് വിംഗ് ബാക്ക് പരിക്കു പറ്റി പുറത്തുപോയപ്പോള്‍ പ്രധാന ടീമില്‍ കളിക്കാന്‍ അവസരവും കിട്ടി. 2009- സെപ്റ്റംബറില്‍ റയോവല്ലക്കാനോയ്ക്കതെരെ പകരക്കാരനായി എഴുപത്തിയേഴാം മിനിറ്റില്‍ ഗ്രിസ്മാന്‍ കളത്തിലിറങ്ങി. മല്‍സരം രണ്ടു ഗോളിന് തോറ്റെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

അതേ സെപ്റ്റംറില്‍ തന്നെ ഗ്രിസ്മാന്‍ തന്റെ ആദ്യ പ്രൊഫഷണല്‍ മല്‍സരം കളിക്കാനിറങ്ങി. ഹുസേക്കാ ക്ലബ്ബിനെതിരേയായിരുന്നു മല്‍സരം. മല്‍സരം രണ്ടുഗോളിന് സോസിഡാഡ് ജയിച്ചു. രണ്ടു ഗോളും ഗ്രിസ്മാന്റെ വകയായിരുന്നു. അതോടെ സോസിഡാഡ് ഗ്രിസ്മാനുമായി അഞ്ചു വര്‍ഷത്തെ കരാറിലും ഏര്‍പ്പെട്ടു. ഇതേ സമയത്തു തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും അഴ്‌സണലും അദ്ദേഹത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

2009-ഓഗസ്റ്റ് 29-ന് ഗ്രിസ്മാന്‍ റയല്‍മാഡ്രിഡിനെതിരെ ആദ്യ സ്പാനിഷ് ലീഗ് മല്‍സരത്തിനിറങ്ങി. മല്‍സരം 2-1-ന് പരാജയപ്പെട്ടെങ്കിലും ഒരു ഗോളിന് അസിസ്റ്റ് ചെയ്യാന്‍ ഗ്രിസ്മാന് കഴിഞ്ഞു. അതേവര്‍ഷം ഒക്ടോബറില്‍ ഡിപ്പോര്‍ട്ടീവിനെതിരെ സ്പാനിഷ് ലീഗില്‍ ആദ്യ ഗോളും സ്‌കോര്‍ചെയ്തു. 2011-12 സീസണില്‍ ബാഴ്‌ലോണയ്‌ക്കെതിരെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. മല്‍സരം 2-2-ന് സമനിനിലയിലായിരുന്നു.

2013-14 സീസണില്‍ സോസിഡാഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഗ്രിസ്മാന്‍ നേടിക്കൊടുത്തു. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അവരുടെ ചാമ്പ്യന്‍സ് ലീഗ് പ്രവേശം. ഗ്രിസ്മാന്റെ അവസാന നിമിഷ ഗോളായിരുന്നു ആ നേട്ടത്തിന് സോസിഡാഡിനെ സഹായിച്ചത്.

2014-ജൂലൈ 28-ന് അത്‌ലറ്റിക്കോ മാഡ്രിഡുമായി ഗ്രിസ്മാന്‍ ആറുവര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനെതിരെ കളിച്ചു കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പു മല്‍സരത്തില്‍ ഒളിമ്പ്യായാക്കോസിനെതിരെ അത്‌ലറ്റിക്കോയ്ക്കുവേണ്ടി ആദ്യ ഗോള്‍ സ്‌കോര്‍ചെയ്തു.

2016-ല്‍ അത്റ്റിക്കോയെ ചാമ്പ്യന്‍സ് ലീഗന്റെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരെ രണ്ടു ഗോള്‍ സ്‌കോര്‍ ചെയ്യാനായി. ബാഴ്‌സലോണ പുറത്താവുകയും ചെയ്തു. സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ വിജയഗോള്‍ നേടിയതും ഗ്രിസ്മാനായിരുന്നു. ഇതോടെ മെസി, റൊണാഡോ എന്നിവരുടെ നിരലേക്ക് ഗ്രിസ്മാന്‍ പ്രവേശിക്കുകയും ചെയ്തു.

2009-മുതല്‍ 14 വരെ അഞ്ചു വര്‍ഷം സോസിഡാഡില്‍ കളിച്ച ഗ്രിസ്മാന്‍ അവിടെ 180 മല്‍സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍ നേടിയപ്പോള്‍ 2014 മുതല്‍ ഇതുവരെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ 141 മല്‍സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടി. ഒരു കളിക്കാരനെന്ന നിലയില്‍ അയാളില്‍ വന്ന വലിയ മാറ്റത്തിന്റെ സൂചനയാണിത്.

2014-ഫെബ്രുവരിയാലാണ് ഗ്രിസ്മാന്‍ ഫ്രാന്‍സിന്റെ ദേശീയ സീനിയര്‍ ടീമിനു വേണ്ടി ആദ്യ അന്താരാഷ്ട്രമല്‍സരം കളിക്കുന്നത്. ഹോളണ്ടിനെതിരെയുള്ള ഒരു സൗഹൃദ മല്‍സരമായിരുന്നു അത്. 68 മിനിറ്റുമാത്രമേ ഗ്രിസ്മാന്‍ കളിച്ചുള്ളു. മല്‍സരം രണ്ടു ഗോളിന് ഫ്രാന്‍സ് ജയിച്ചു.

കുട്ടിക്കാലത്ത് ഗ്രിസ്മാനെ പരിശീലകരാരും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ സോസിഡാഡില്‍ കളിക്കാന്‍ തുടങ്ങിയതുമുതല്‍ ആ നിലമാറി. പിന്നെ 20 വയസിന് താഴെയുള്ളവരുടെ ടീമില്‍ ഗ്രിസ്മാനെ ഉള്‍പ്പെടുത്താന്‍ തുടങ്ങി. 2010-ലെ അണ്ടര്‍ 20 യൂറോകപ്പിലായിരുന്നു ഗ്രിസ്മാന്റെ ശ്രദ്ധിക്കപ്പെടുന്നപ്രകടനം ഉണ്ടാകുന്നത്.

ഗ്രിസ്മാന്റെ കളിമിടുക്കില്‍ മതിപ്പുണ്ടായിരുന്ന ദേശീയ ടീം പരിശീലകന്‍ ദിദിയന്‍ ഡെസ്‌കാമ്പ് 2014-ലെ ലോകകപ്പ് ടീമില്‍ ഗ്രസ്മാനെ ഉള്‍പ്പെടുത്തി. പരാഗ്വേയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ അദ്ദേഹം ഗോള്‍ നേടുകയും ചെയ്തു. മല്‍സരം ഓരോഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഫ്രാങ്ക് റിബറിക്ക് പരിക്കേറ്റതോടെ ഹോണ്ടുറാസിനെതിരെ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാനായി. മല്‍സരം മൂന്നു ഗോളിന് ജയിച്ചു. ക്വാട്ടറില്‍ തുര്‍ക്കിയോട് തോറ്റതോടെ ഫ്രാന്‍സ് ലോകകപ്പില്‍ നിന്നും പുറത്തായി.

2016-ല്‍ ഫ്രാന്‍സില്‍ തന്നെ നടന്ന യൂറോ കപ്പിലായിരുന്നു ഗ്രിസ്മാന്റെ ഏറ്റവും മികച്ച പ്രകടനം. ഏഴുമല്‍സരങ്ങളാണ് ഗ്രിസ്മാന്‍ യൂറോകപ്പില്‍ കളിച്ചത്. ആറുഗോള്‍ നേടുകയും ചെയ്തു. പ്രാഥമിക റൗണ്ടില്‍ അല്‍ബേനിയ, പ്രീ-ക്വാര്‍ട്ടറില്‍ അയര്‍ലന്റ് ക്വാര്‍ട്ടറില്‍ ഐസ് ലാന്റ്, സെമിയില്‍ ജര്‍മനി എന്നിവര്‍ക്കെതിരെയായിരുന്നു ഗ്രിസ്മാന്റെ ഗോളുകള്‍. ഫൈനലില്‍ പക്ഷേ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനോട് ഒരു ഗോളിന് തോറ്റു.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനും ടോപ്‌സ്‌കോററും ഗ്രിസ്മാനായിരുന്നു. 1984-ലെ യൂറോകപ്പില്‍ എട്ടുഗോള്‍ നേടിയ ഫ്രാന്‍സിന്റെ തന്നെ മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിന് തൊട്ടടുത്തെത്താന്‍ ഗ്രിസ്മാനായി. ഇതിനകം ഫ്രാന്‍സിന്റെ ദേശീയ ടീമിനു വേണ്ടി 51 മല്‍സരങ്ങള്‍ ഗ്രിസ്മാന്‍ കളിച്ചുകഴിഞ്ഞു. 19 ഗോളുകളും രാജ്യത്തിനുവേണ്ടി നേടി. 27 വയസിന് മുമ്പാണ് ഈ നേട്ടമെന്നകാര്യം മറക്കേണ്ടതില്ല.

ഒരു സാധാരണ യുവാവിനെ തീര്‍ത്തും നിരാശയിലാഴ്ത്തുന്ന പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വം മറികടന്നാണ് ഈ അതുല്യമായ നേട്ടങ്ങളില്‍ ഗ്രിസ്മാന്‍ എത്തിയത്. പട്ടണിയും ഇല്ലായ്മകളും മറ്റു കഷ്ടതകളും വന്നു പൊതിഞ്ഞപ്പോഴും ഫുട്‌ബോള്‍ തനിക്ക് മെച്ചപ്പെട്ടൊരു ജീവിതം തരുമെന്ന തീവ്രമായ വിശ്വാസം അദ്ദേഹം നിലനിര്‍ത്തി. വിശന്നു പൊരിഞ്ഞപ്പോഴും ഒരു ദിവസം പോലും പരിശീലനം മുടക്കാന്‍ തയ്യാറായില്ല. ഏഴുവയസില്‍ തനിക്കുണ്ടായൊരനുഭവം അദ്ദേഹം അനുസ്മരിക്കുന്നണ്ട്, ഒരു ജീവരിത്രക്കുറിപ്പില്‍.

കടുത്തൊരു പനിബാധിച്ചതിനാല്‍ മൂന്നാഴ്ചയോളം അച്ഛന് ജോലിക്കു പോകാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ ശ്രുശ്രൂഷിക്കേണ്ടതിനാല്‍ അമ്മയ്ക്കും ജോലിക്കു പോകാനായില്ല. വീട്ടില്‍ ഭക്ഷണ സാധനങ്ങളെല്ലാം തീര്‍ന്നു. കടുത്ത മഞ്ഞുകാലമായിരുന്നു അത്. രണ്ടു നാള്‍ കുടിക്കാന്‍ വെള്ളം മാത്രമേ കിട്ടിയുള്ളൂ. ആഹാരം കഴിക്കാത്തതിനാല്‍ എണീറ്റു നില്‍ക്കാനുള്ള ശേഷിപോലും ഉണ്ടായിരുന്നില്ല. രാവിലെ പരിശീലനത്തിനു പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മ തടഞ്ഞു. പക്ഷേ പരിശീലനം മുടക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇന്നു ഞാന്‍ എവിടെയങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ആ നിശ്ചയ ദാര്‍ഢ്യം മാത്രമാണ്, ഗ്രിസ്മാന്‍ പറയുന്നു.

ഇത് ഒരു ദിവസത്തെ മാത്രം അനുഭവമല്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് ഗ്രിസ്മാന്‍. അതിനോട് ഒരു വാചകം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താന്‍ കളിയില്‍ നിന്നു സമ്പാദിക്കുന്ന പണം കൊണ്ട് അ്മ്മയും അച്ഛനും സഹോദരങ്ങളും സുഭിക്ഷമായി കഴിയുന്ന കാലം. അതായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നം. ഒരു ദിവസത്തെ പരിശീലനം മുടക്കിയാല്‍ ആ സ്വപ്‌നം അത്രത്തോളം അപകടത്തിലാകുമെന്ന പേടിയമുണ്ടായിരുന്നു.

വേഗമാണ് ഗ്രിസ്മാന്റെ ഏറ്റവും വലിയ ആയുധം. ബോളുമായി ഡിഫന്റര്‍മാരെ ഒരിക്കല്‍ കടന്നാല്‍ പിന്നെ അയാളെ പിന്തുടര്‍ന്നു തടയുക എളുപ്പമല്ല. ഇപ്പോള്‍ ലോകത്തെ ഏറ്റവും വേഗത കൂടിയ മൂന്നു കളിക്കാരില്‍ ഒന്നാമനാണ് ഗ്രിസ്മാന്‍. ബയേണിന്റെ ആര്യന്‍ റോബനും ലിവര്‍പൂളിന്റെ സാഹയുമാണ് മറ്റു രണ്ടുപേര്‍.

സാങ്കേതികത്തികവാണ് മറ്റൊന്ന്. ബോള്‍ ട്രാപ്പിംഗിലും പാസിംഗിലും റിസീവിംഗിലും ചിലപ്പോള്‍ ഇനിയേസ്റ്റയെപ്പോലും അയാള്‍ അതിശയിപ്പിക്കുന്നു. ഡ്രിബിളിംഗില്‍ റൊണാള്‍ഡീഞ്ഞോയുടെ അനായാസതയുമുണ്ട്. അപാരമാണ് കളിക്കളത്തില്‍ ഗ്രിസ്മാന്റെ വിഷന്‍. ചെറിയൊരു പാസുകൊണ്ട് അല്ലെങ്കില്‍ ചെറിയൊരു നീക്കം കൊണ്ട് എതിര്‍ ടീമിന്റെ വിന്യാസങ്ങളെ അയാള്‍ അപ്പാടെ റദ്ദാക്കും. അയാളുടെ കാലില്‍ പന്തെത്തിയാല്‍ അടുത്ത നീക്കം എന്താണെന്ന് പ്രവചിക്കുക സാധ്യമല്ല. പൊസിഷന്‍ നല്‍കുന്നതിലും ഗ്രൗണ്ട് റീഡുചെയ്യുന്നതിലും ഇതിനേക്കാള്‍ സൂക്ഷ്മത പുലര്‍ത്തുന്ന കളിക്കാരുണ്ടാകില്ല.

എപ്പോഴും ഗോളിലേക്ക് തുറന്ന കണ്ണുകളാണ് ഗ്രിസ്മാന്റേത്. എവിടെ നിന്നും അയാള്‍ പോസ്റ്റിലേക്ക് കൃത്യമായി ഷോട്ടുകള്‍ പായിക്കും. അപ്രതീക്ഷിതമായ ഇത്തരം ഷോട്ടുകള്‍ ഗോള്‍കീപ്പര്‍മാരെ നിസ്സഹായരാക്കും. ഇടങ്കാലിന്റെ മാരകമായ പ്രയോഗമാണ് മറ്റൊരു പ്രത്യേകത. അക്കാര്യത്തിലയാള്‍ മെസിക്ക് തുല്യം നില്‍ക്കും. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അവ നേടുവാനുമുള്ള കഴിവും ശ്രദ്ധേയമാണ്. എയര്‍ബോളുകള്‍ കൈകാര്യം ചെയ്യുന്നതിലും സെറ്റ്പീസുകള്‍ അപകടകരാമാം വണ്ണം പ്രയോജനപ്പെടുത്തുന്നതിലും അദ്ദേഹം കാണിക്കുന്ന കൃത്യത അത്ഭുതകരമാണ്.

അന്റോണിയോ ഗ്രിസ്മാനും ഭാര്യ എറിക്ക ചോപറിനയും

ഇതിലെല്ലാം ഉപരി ഒരു ടീംമാനാണ് ഗ്രിസ്മാന്‍. ടീമിനുവേണ്ടിയാണ് അയാള്‍ കളിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങളില്‍ അയാള്‍ ശ്രദ്ധാലുവേയല്ല. ഒരു ഫുട്‌ബോള്‍ കളിക്കാരന് വേണ്ട ആദ്യത്തെ ഗുണമാണിത്. ഫുട്‌ബോള്‍ പതിനൊന്നുപേരുടെ കളിയാണെന്ന ബോധം. ഇക്കാര്യത്തില്‍ ഗ്രിസ്മാനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ താരം മെസിതന്നെയായിരിക്കും.

കളിക്കളത്തിനകത്തും പുറത്തും അയാള്‍ സൂക്ഷിക്കുന്ന മര്യാദകളും മൂല്യങ്ങളും കൂടി ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. മദ്യത്തിനും ഉത്തേജക മരുന്നുകള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സജീവമാണ് ഗ്രിസ്മാന്‍. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുക അപൂര്‍വവും. കളികഴിഞ്ഞാല്‍ സ്വന്തം കുടംബത്തില്‍. അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടംബത്തേക്കാള്‍ വലിയ സ്വര്‍ഗം ഇതുവരെ ആരും ലോകത്ത് പണിതിട്ടില്ലെന്ന വിശ്വാസമാണ് ഗ്രിസ്മാന്. അവിടെ നിന്നു കിട്ടുന്ന സ്‌നേഹത്തിന്റേയും കരുതലിന്റേയും ഊര്‍ജ്ജമാണ് ഗോളുകളായി കളത്തില്‍ പിറക്കുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസമാകും റഷ്യയിലും ഗ്രിസ്മാനെ തുണയ്ക്കുക. അവിടെ പുതിയ ചരിത്രം പിറക്കുന്നതു കാണാന്‍ നമുക്കും കാത്തിരിക്കാം.

DONT MISS
Top