ഇരയെ കാത്തിരുന്ന ട്രോളന്മാരുടെ മുന്നിലേക്ക് എത്തിയത് ‘വിക്ലാങ്കനായ തുമ്പി’; തുടര്‍ന്ന് ട്രോള്‍ പൂരം

‘എഡിച്ചു വിക്ലങ്കനായ തുമ്പി’, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയില്‍ വൈറലാകുന്ന ട്രോളുകളിലെ പ്രധാനപ്പെട്ട വാക്കാണിത്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ‘എഡിച്ച് വിക്ലങ്കനാക്കിക്കളയും’ എന്നതാണ് ഇപ്പോള്‍ ട്രോളന്മാരുടെ തകര്‍പ്പന്‍ മറുപടി. ആരാണീ വിക്ലങ്കനെന്നോ എന്താണ് സംഭവമെന്നോ മനസിലാവാത്തവരും ജഗപൊഗ സ്റ്റൈലില്‍ വിക്ലാങ്കനെ ട്രോളി പൊങ്കാലയിടുന്നുണ്ട്.

സത്യത്തില്‍ കൂട്ടത്തിലൊരു ട്രോളന്റെ അക്ഷരാഭ്യാസത്തെ മറ്റ് ട്രോളന്മാര്‍ ചേര്‍ന്ന് പൊങ്കാലയിട്ടതാണ് കണ്ടത്. തങ്ങള്‍ക്ക് ട്രോളാന്‍ പ്രമുഖര്‍ തന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് വിനയാന്വിതരാകുന്ന ആള്‍ ട്രോളന്മാര്‍ കൂട്ടത്തിലൊരുത്തനെ പഞ്ഞിക്കിടാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു.

ഒരു കുഞ്ഞുതുമ്പിയെ ചെറുതായിട്ടൊന്ന് ട്രോളിയതിനാണ് ഏതോ ഒരു ഹതഭാഗ്യനായ ട്രോളനെ മറ്റുള്ളവരെല്ലാരും കൂടെ ട്രോളിക്കൊന്നത്. ‘ഫാനില്‍ ഇടിക്കുന്നതിന് മുന്‍പ് പറന്നുനടന്ന തുമ്പി, ഇടിച്ച് വികലാംഗന്‍ ആയപ്പോള്‍ തുമ്പി’, ഇതായിരുന്നു ആദ്യത്തെ ട്രോളന്‍ പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ട്രോള്‍. എന്നാല്‍ അക്ഷരം മാറിപ്പോയതാണോ അതോ ഫോണ്‍ ചതിച്ചതാണോ അതോ ഇനി വായിച്ചവര്‍ക്ക് തെറ്റിയതാണോന്നറിയില്ല എഴുതി വന്നപ്പോള്‍ ‘ഫാനില് ഇടുക്കിനുത്ത് മമ്പു പരന്നു നഡന്ന തുംബി, എഡിച്ചു വിക്ലങ്കന് അയപ്പോള്‍ തുംബി’ എന്നാണ് വന്നത്.

അടുത്തതെന്തെന്ന് തലപുകഞ്ഞുകൊണ്ടിരുന്ന അഖിലലോക ട്രോളന്മാരുടെ മുമ്പിലേക്കാണ് ഈ ലോകോത്തര അക്ഷരത്തെറ്റുമായി തുമ്പിട്രോള്‍ എത്തിയത്. പിന്നൊന്നും പറയണ്ട, വിക്ലാങ്കനായ തുമ്പിയെ ട്രോളന്മാര്‍ ഏറ്റെടുത്തു. കൂട്ടത്തിലൊരു ട്രോളന്റെ പരാജയം വെടിക്കെട്ട് നടത്തിയാണ് മറ്റ് ട്രോളന്മാര്‍ ആഘോഷിച്ചത്.

എന്തായാലും തുമ്പി പോസ്റ്റ് വൈറലായതോടെ ആകെ വിക്ലാങ്കനായ പോസ്റ്റ് മുതലാളി പിന്നെ പേര് വെളിപ്പെടുത്താന്‍ മെനക്കെട്ടില്ല. ഇനി മുതല്‍ ട്രോളന്മാരുടെ ഭീഷണിപ്പെടുത്തല്‍ രാഷ്ട്രീയക്കാരെപ്പോലെ തൊപ്പി തെറുപ്പിക്കും എന്നൊന്നും ആയിരിക്കില്ല മറിച്ച് എഡിച്ച് വിക്ലാങ്കനാക്കിക്കളയും എന്നാണെന്ന് ഐക്യഖണ്ഡേനെയുള്ള തീരുമാനം വന്നുകഴിഞ്ഞു.

അക്ഷരപ്പിശക് സംഭവിച്ച ആദ്യത്തെ ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിക്ലാങ്കന്‍ ട്രോളുകള്‍

DONT MISS
Top