ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആള്‍കൂട്ടം സഹായിക്കാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: ബിഹാറിലെ ജെഹനാബാദില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അക്രമത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിലവിളിച്ചുവെങ്കിലും കാഴ്ചക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്. പെണ്‍കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പട്ടാപ്പകലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റോഡരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും വസ്ത്രങ്ങള്‍ കീറാന്‍ ശ്രമിക്കുന്നതായുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പെണ്‍കുട്ടി ഉറക്കെ നിലവിളിക്കുന്നതായും സമീപത്തുള്ള ആളുകളോട് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുത്തുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ യുവാക്കള്‍ക്കെതിരെ  ജെഹനാബാദ് പൊലീസ് കേസെടുത്തു. ദൃശ്യത്തില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ബെലാവര്‍ സ്വദേശിയുടെതാണ് ബൈക്കെന്നും ഇയാള്‍ മൂന്ന് വര്‍ഷമായി പാറ്റ്‌നയിലാണ് താമസിക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ രണ്ട് വീഡിയോകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വീഡിയോയുടെ അടിസ്ഥാനത്തിലും പൊലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top