വൈദ്യപരിശോധനയ്ക്കിടെ പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ ജാതി തിരിച്ച് നെഞ്ചിലെഴുതി പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് റിക്രൂട്ട്‌മെന്റില്‍ ജാതിവിവേചനം. ജോലിയുടെ ഭാഗമായി ശാരീരിക ക്ഷമത പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതിതിരിച്ച് മുദ്രകുത്തിയാണ് അധികൃതരുടെ വിവേചനം. പുതുതായി ജോലിയില്‍ പ്രവേശിച്ച മുന്നൂറോളം കോണ്‍സ്റ്റബിള്‍മാരാണ് ബുധനാഴ്ച വൈദ്യ പരിശോധനയ്ക്കായി ധര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി ഓരോരുത്തരുടെയും നെഞ്ചില്‍ എസ്‌സി, എസ്ടി, ഒബിസി എന്നിങ്ങനെ രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം സംഭവം ധര്‍ പൊലീസ് സൂപ്രണ്ട് വീരേന്ദ്ര സിങും സമ്മതിയ്ക്കുന്നു. എന്നാല്‍ അതില്‍ ദുരുദ്ദേശമില്ലെന്നും കോണ്‍സ്റ്റബിള്‍മാരുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ സൗകര്യത്തിന് വേണ്ടി ചെയ്താണെന്നായിരുന്നു വീരേന്ദ്രസിങ് സംഭവത്തില്‍ പ്രതികരിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നെഞ്ചിലും ഉയരത്തിലും സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടായതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

വിഷയത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥികളും പരാതി നല്‍കിയിട്ടില്ല. അതേസമയം ജാതി എഴുതി ചേര്‍ത്ത ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളടക്കം സംഭവം ഏറ്റെടുത്തുകഴിഞ്ഞു. വിഷയം വിവാദമായതോടെ എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാതി അടയാളപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

DONT MISS
Top