സര്‍ക്കാര്‍ ജോലിയില്ലെങ്കിലെന്താ, പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങിക്കൂടേയെന്ന് ത്രിപുര മുഖ്യമന്ത്രി

ബിപ്ലബ് കുമാര്‍ ദേബ്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഒടുവിലായി തൊഴില്‍ രഹിതരായ യുവാക്കളോട് മുറുക്കാന്‍ കട തുടങ്ങിക്കൂടെയെന്നാണ് ബിപ്ലബിന്റെ നിര്‍ദ്ദേശം. വിദ്യാസമ്പന്നരായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി രാഷ്ട്രീയക്കാരുടെ പുറകെ നടക്കാതെ മുറുക്കാന്‍ കട പോലുള്ള സ്വയം തൊഴില്‍ ആരംഭിക്കണമെന്നും ബിപ്ലബ് പറഞ്ഞു.

ത്രിപുര വെറ്റിനറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബിപ്ലബ്. ജീവിതത്തിലെ വിലപ്പെട്ട സമയമാണ് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി അലഞ്ഞ് പാഴാക്കുന്നതെന്നും, ഒരു മുറുക്കാന്‍ കട തുടങ്ങിയിരുന്നേല്‍ അഞ്ച് ലക്ഷം രൂപ ഇപ്പോള്‍ അവര്‍ക്ക് ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കള്‍ സ്വയം തൊഴില്‍ കണ്ടെത്തണമെന്ന് പറഞ്ഞ ബിപ്ലബ് മുറുക്കാന്‍ കടയ്ക്ക് പുറമെ പാല്‍ വില്‍പ്പനയും നിര്‍ദ്ദേശിച്ചൂ.

‘എല്ലാ വീട്ടിലും ഒരു പശുവെങ്കിലും ഉണ്ടാകണം. പാലിന് ലിറ്ററിന് 50 രൂപ വിലയുണ്ട്. പത്ത് വര്‍ഷം തൊഴില്‍രഹിതനായിരിക്കുന്ന നേരം പാല്‍ വിറ്റിരുന്നേല്‍ ഇപ്പോള്‍ 10 ലക്ഷം ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു’, ഇത്തരത്തില്‍ സ്വയം തൊഴില്‍ തുടങ്ങാന്‍ പ്രധാന മന്ത്രി മുദ്ര പദ്ധതിക്ക് കീഴില്‍ വായ്പ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിരുദധാരികള്‍ക്ക് കൃഷിയും പശുവളര്‍ത്തലൊന്നും പാടില്ലെന്ന ഇടുങ്ങിയ ചിന്താഗതിയാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top