മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍; ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍, പുതിയ പോസ്റ്റര്‍ പങ്കുവച്ച് നിര്‍മ്മാതാവും

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാരായി എത്തുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ചലച്ചിത്ര ലോകത്തും ആരാധകര്‍ക്കിടയിലും സജീവചര്‍ച്ചയായ മറ്റൊരു പ്രൊജക്ടാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി-സന്തോഷ് ശിവന്‍ ചിത്രം. ചിത്രത്തിന് വേണ്ടി എട്ട് മാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ചിത്രം യാഥാര്‍ത്ഥ്യ മായില്ലെങ്കില്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട്‌പോകുമെന്നായിരുന്നു ഇത് സംബന്ധിച്ച് നേരത്തെ പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നത്.

എന്നാല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തിലെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞദിവസം നടന്നതോടെ മമ്മൂട്ടി-സന്തോഷ് ശിവന്‍ ചിത്രവും സജീവ ചര്‍ച്ചയാവുകയായിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചതായും ചലച്ചിത്രലോകത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രൊജക്ടിന് അത്തരത്തില്‍ യാതൊരു അനിശ്ചിതത്വവും നിലവിലില്ലെന്ന് പറയുകയാണ് സന്തോഷ് ശിവന്‍. ചിത്രത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ ചിത്രീകരണം ആരംഭിക്കാന്‍ സമയമെടുക്കുമെന്നും സന്തോഷ് ശിവന്‍ പറയുന്നു. രണ്ട് പ്രൊജക്ടുമായി ബന്ധപ്പെട്ട ആളുകള്‍ക്കും തിരക്കുകളുണ്ട്. മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ഒരാഴ്ച മുന്‍പ് പ്രിയന്‍ തന്നെ വിളിച്ചിരുന്നുവെന്നും ഏത് പ്രൊജക്ടാണ് ആദ്യം ചിത്രീകരണം ആരംഭിക്കുക എന്നതൊന്നും ഇപ്പോള്‍ പരിഗണനയിലില്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

ഞങ്ങളുടെ സിനിമ എപ്പോള്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രിയന്‍ ചോദിച്ചതായും എന്നാല്‍ താന്‍ മറ്റ് ചിത്രങ്ങളുടെ തിരക്കുകളിലാണെന്നും അതിന് ശേഷം മാത്രമേ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാകൂയെന്ന് പ്രിയനോട്  മറുപടി പറഞ്ഞതായും സന്തോഷ് ശിവന്‍ കൂട്ടിചേര്‍ത്തു. രണ്ട് ചിത്രങ്ങളും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കുകയെന്നും സന്തോഷ് ശിവന്‍ പറയുന്നു. നിലവില്‍ മണിരത്‌നം ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്‍.

അതേസമയം ആരാധകരില്‍ വീണ്ടും ആകാംഷയുണര്‍ത്തി മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് സിനിമയുടെ പങ്കാളികളില്‍ ഒരാളായ ഷാജി നടേശനാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരേസമയം കുഞ്ഞാലി മരക്കാരായി എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

DONT MISS
Top