തെയ്യക്കോലത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക് പറ്റിയ സംഭവം; കേസ് ഒത്തുതീര്‍പ്പായി

തെയ്യക്കോലം, കോലം കെട്ടിയ ബൈജു

കണ്ണൂര്‍: തില്ലങ്കേരിയില്‍ ഭക്തജനങ്ങള്‍ക്ക് നേരെ തെയ്യക്കോലം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ കേസ് ഒത്തുതീര്‍പ്പായി. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് ക്ഷേത്രക്കമ്മറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും സമ്മതിച്ചതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഏപ്രില്‍ 26 നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടയിലാണ് സംഭവം നടന്നത്. കൈതച്ചാമുണ്ടി എന്ന തെയ്യക്കോലം കെട്ടി ഉറഞ്ഞുതുള്ളുന്നതിനിടെ വാളെടുത്ത് വീശിയപ്പോള്‍ രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയായിരുന്നു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരതരമാണ്. എന്നാല്‍ പരുക്കേറ്റവര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞതോടെ കേസ് ഒത്തുതീര്‍പ്പാവുകയായിരുന്നു. സംഭവത്തില്‍ ബൈജുവിനെതിരെ വധശ്രമത്തിനായിരുന്നു മുഴക്കുന്ന് പൊലീസ് കേസെടുത്തത്.

കൈതച്ചാമുണ്ടിയെന്ന തെയ്യക്കോലം കെട്ടിയോടുന്നതും ഇതിന് പിന്നാലെ ആളുകള്‍ കൂകിവിളിച്ച് ഓടുന്നതും ആചാരമാണ്. രൗദ്രഭാവത്തിലുള്ള തെയ്യക്കോലമാണ് കൈതച്ചാമുണ്ടിയെന്നും തെയ്യക്കോലത്തിന് അടുത്തേക്ക് പോകരുതെന്നും ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ മൈക്കിലൂടെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കോലം കെട്ടി ഓടുന്നതിനിടയില്‍ ബെജു ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് വാളെടുത്ത് വീശുകയായിരുന്നു. ആദ്യം സുനില്‍ കുമാര്‍ എന്ന ആളിനാണ് വെട്ടേറ്റത്. പിന്നീട് ഉത്തമന്‍ എന്നയാള്‍ക്കും വെട്ടേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുഴക്കുന്ന് എസ്‌ഐ ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതേസമയം, തെയ്യക്കോലം മദ്യലഹരിയിലായിരുന്നെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇത് ചില തര്‍ക്കങ്ങള്‍ക്കും ഏറ്റുമുട്ടലിനും ഇടയാക്കി.

DONT MISS
Top