സിപിഐയില്‍ വെട്ടിനിരത്തില്‍; തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്ന് ദിവാകരന്റെ പ്രതികരണം

സി ദിവാകരന്‍

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ നടത്തിയ വെട്ടിനിരത്തലില്‍ കേരളത്തില്‍ നഷ്ടം ഇസ്മയില്‍ പക്ഷത്തിന്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിരാളിയായ കെഇ ഇസ്മയിലിനൊപ്പം നില്‍ക്കുന്ന സി ദിവാകരനും സിഎന്‍ ചന്ദ്രനും കമല സദാനന്ദനും ദേശീയ കൗണ്‍സിലില്‍ സ്ഥാനം നഷ്ടമായി. ഇതിനൊപ്പം രണ്ടുപക്ഷത്തും ഇല്ലാതെ നില്‍ക്കുന്ന സത്യന്‍ മൊകേരിയേയും ഒഴിവാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് ഈ നാല് പേരെയാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. പകരം അഞ്ചുപേരാണ് പുതിയ ദേശീയ കൗണ്‍സിലില്‍ ഇടംപിടിച്ചത്. ഈ ചന്ദ്രശേഖരകന്‍, എന്‍ അനിരുദ്ധന്‍, കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, പി വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ പുതുതായി എത്തിയവര്‍. കാന്‍ഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ഉള്‍പ്പെടുത്തി. ഇവരെല്ലാവരും കാനം രാജേന്ദ്രന്‍ പക്ഷക്കാരാണ്. ഇതോടെ നേരത്തെതന്നെ സംസ്ഥാന നേതൃത്വം കൈപ്പിടിയിലൊതുക്കിയ കാനത്തിന് പാര്‍ട്ടി കോണ്‍ഗ്രസിലും തന്റെ അധിപത്യം സ്ഥാപിക്കാനായി.

അതേസമയം, തന്നെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ സി ദിവാകരന്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള പ്രതിനിധിയോഗത്തില്‍ നിന്ന് ദിവാകരന്‍ വിട്ടുനിന്നു. തന്റെ പ്രതിഷേധം ദിവാകരന്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിനോട് ദിവാകരന്‍ പ്രതികരിച്ചത്. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നല്ലല്ലോ ഒഴിവാക്കിയതെന്നും ഒഴിവാക്കിയാലും നിലനിര്‍ത്തിയാലും നിരാശയോ സന്തോഷമോ തനിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.

നേരത്തെ തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ പണം വാങ്ങി തീരുമാനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ദിവാകരന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് കൂടി ഒഴിവാക്കപ്പെടുന്നത്.

അതേസമയം, പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിപ്പെട്ടതില്‍ മറ്റൊരു മുതിര്‍ന്ന നേതാവ് സിഎന്‍ ചന്ദ്രനും നിരാശ മറച്ചുവച്ചില്ല. എങ്കിലും പാര്‍ട്ടിയിലെ ഐക്യത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണെന്നായിരുന്നു ചന്ദ്രന്റെ പ്രതികരണം.

നേരത്തെ കരുനാഗപ്പള്ളിയില്‍ നിന്നുള്ള എംഎല്‍എയായിരുന്ന ദിവാകരന്‍ പാര്‍ട്ടിയില്‍ നിന്നുള്ള പാലംവലിയില്‍ നിന്ന് രക്ഷപെടാനാണ് കഴിഞ്ഞതവണ നെടുമങ്ങാട്ടേക്ക് മത്സരരംഗം മാറ്റിയത്. ഇവിടെയും തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും എങ്ങനെയും തന്റെ വിജയം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തെ ദിവാകരന്‍ സമീപിച്ചുവെന്ന് സിപിഐഎം നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇത്തവണ സംസ്ഥാന മന്ത്രിസഭിയലേക്കുള്ള സിപിഐ പ്രതിനിധികളെ തീരുമാനിച്ചപ്പോഴും വിഎസ് മന്ത്രിസഭയിലെ അംഗവും പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായിരുന്ന ദിവാകരനെ ഒഴിവാക്കിയിരുന്നു.

മലപ്പുറത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരേ ദിവാകരനെ മത്സരിപ്പിക്കാന്‍ ഇസ്മയില്‍ പക്ഷം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികപക്ഷത്തിന്റെ എതിര്‍പ്പ് ഇനിയും ക്ഷണിച്ചുവരുത്തേണ്ടയെന്ന കണക്കുകൂട്ടലില്‍ ദിവാകരന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ തനിക്കെതിരേ ഇനി നടപടികളൊന്നുമുണ്ടാകില്ലന്ന പ്രതീക്ഷയിലുമായിരുന്നു ദിവാകരന്‍. എന്നാല്‍ ദേശീയ കൗണ്‍സില്‍ മെമ്പര്‍ സ്ഥാനവും പോയതോടെ വന്‍പ്രതിഷേധത്തിലാണ് ദിവാകരന്‍.

അതേസമയം, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും ഇതില്‍ വിഭാഗീയതയുടെ പ്രശ്‌നമില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ കൗണ്‍സിലില്‍ നിന്ന് 20 ശതമാനം ആളുകള്‍ എല്ലാ സമ്മേളനത്തിലും പുറത്തുപോകുമെന്നും പകരം അംഗങ്ങളെ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് ഏകപക്ഷീയമായി കൊടുത്ത പട്ടികയാണ് ഇതെന്നും വിഭാഗീഗയതയുടെ വിഷയം ഇതില്‍ ഉദിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.

DONT MISS
Top