ചികിത്സാ പിഴവു മൂലം കാഴ്ച നഷ്ടപ്പെട്ടതായി പരാതി

മണിയന്‍

ആലപ്പുഴ: ചികിത്സാ പിഴവുമൂലം ഗൃഹനാഥന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മണിയനാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടമായത്. ക്ഷയരോഗത്തിന് നല്‍കിയ മരുന്ന് കഴിച്ചതോടെയാണ് കണ്ണിന്റെ ഞരമ്പുകള്‍ ദ്രവിച്ച് കാഴ്ചശക്തി നഷ്ടമായതെന്ന് മണിയന്‍ മനുഷ്യാവകാശ കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കാലിലുണ്ടായ മുറിവിന് ചികിത്സ തേടിയാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മണിയന്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തുന്നത്. ചികിത്സയിലിരിക്കെ കാലില്‍ ഒരു മുഴയുണ്ടായി. ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തതിന് ശേഷം പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലത്തില്‍ വന്ന പിശകാണ് മണിയന്റെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണം. റിസള്‍ട്ട് കണ്ട ശേഷം ഡോക്ടര്‍ ക്ഷയരോഗമുള്ളതായും 6 മാസം മരുന്ന് കഴിക്കണമെന്നും നിര്‍ദേശിച്ചു. ക്ഷയ രോഗത്തിനുള്ള മരുന്ന് നാല്മാസം കഴിച്ചപ്പോഴേയ്ക്കും വലത് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ക്ഷയരോഗത്തിനുള്ള മരുന്നില്‍ നിന്ന് കണ്ണിന്റെ ഞരമ്പുകള്‍ക്ക് ബ്ലോക്ക് വന്നതാണ് കാഴ്ച നഷ്ടമാകാന്‍ കാരണമെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ അറിയിച്ചത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം മണ്ണഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ക്ഷയരോഗത്തിന് മരുന്ന് വാങ്ങിയിരുന്നത്. കാഴ്ച നഷ്ടമായതറിഞ്ഞ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എത്തി സഹായ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാതൊരു സഹായവും തനിക്ക് ലഭിച്ചില്ലെന്നും മണിയന്‍ പറയുന്നു. ചികിത്സാ പിഴവാണ് കാഴ്ച നഷ്ടമാക്കാന്‍ കാരണമെന്ന് കാട്ടി മണിയന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top