ലൗ ജിഹാദികളുടെയും ഗോമാതാവിനെ കൊല്ലുന്നവരുടെയും കഴുത്തുവെട്ടണം; വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി

ഫയല്‍ചിത്രം

കാസര്‍ഗോഡ്: കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്ന വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിയുടെ പ്രസ്താവന വിവാദത്തിലേയ്ക്ക്. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വാധിയുടെ വിവാദ പ്രസ്താവന.

ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കുക. ലൗ ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാനെന്നും സ്വാധി സരസ്വതി പറഞ്ഞു. പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറക്കണമെന്ന് അവര്‍ പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഹിന്ദു സമാജോത്സവത്തില്‍ ഡിസിസി നിര്‍ദ്ദേശം മറികടന്ന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വിഎന്‍ കൃഷ്ണ ഭട്ട്  ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വാധി സരസ്വതിയുടെ പ്രസ്താവനകളും വിവാദമാകുന്നത്. ആര്‍എസ്എസ് നേതാവ് കല്ലടക്ക പ്രഭാകരഭട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അധ്യക്ഷനായാണ് കൃഷ്ണ ഭട്ട് പങ്കെടുത്തത്.

തീവ്ര ഹിന്ദു നിലപാടുള്ള വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി ഉള്‍പ്പടെയുളളവര്‍ക്കൊപ്പം ബ്ലോക്ക് വൈസ് പ്രസിഡന്റുകൂടിയായ കൃഷ്ണ ഭട്ട് പങ്കെടുത്തതില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയ ബദിയെടുക്ക മണ്ഡലം കോണ്‍സ്സ് കമ്മിറ്റി കെപിസിസി പിരിച്ചു വിട്ടിട്ടുണ്ട്.

DONT MISS
Top