“മെക്കാനിക്കലുകാരല്ല, സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടത്, ഭരണനിര്‍വഹണത്തിന് കെട്ടിട നിര്‍മാണം സഹായകരമാകും”, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്


അഗര്‍ത്തല: വിചിത്ര പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ സിവില്‍ സര്‍വീസിനേക്കുറിച്ചാണ് ഇത്തവണ മുഖ്യമന്ത്രിയുടെ കമന്റ്. അഗര്‍ത്തലയില്‍ മാധ്യമങ്ങളുടെ മുന്നില്‍വച്ചാണ് ഇത്തവണ ഇദ്ദേഹം മണ്ടത്തരത്തിന്റെ കെട്ടഴിച്ചത്.

“നേരത്തെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നച് എന്നാല്‍ പിന്നീട് അത് മാറി. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാനാരംഭിച്ചു”, അദ്ദേഹം പറഞ്ഞു. പിന്നീടാണ് ആരൊക്കെ സിവില്‍ സര്‍വീസിന് പോകണം പോകരുത് എന്നതില്‍ അദ്ദേഹം മനസുതുറന്നത്.

“എന്തായാലും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുകയും വേണം. എന്താണ് കാര്യമെന്നുവച്ചാല്‍ ഭരണ നിര്‍വഹണം എന്നത് സമൂഹത്തെ നിര്‍മിക്കലാണ്. ഇക്കാര്യത്തില്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേയും ഇത്തരത്തിലുള്ള വിചിത്ര പ്രസ്താവനകള്‍ നടത്തി ബിപ്ലബ് ദേബ് ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. മഹാഭാരതകാലത്ത് ലൈവ് ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ ദിവസം ഡയാനാ ഹെയ്ഡനെ അധിക്ഷേപിച്ചതില്‍ അദ്ദേഹം മാപ്പുപറയുകയുണ്ടായി. ലക്ഷ്മിയുടേയും സരസ്വതിയുടേയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികള്‍ എന്ന പ്രസ്താവനയും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഐശ്വര്യാ റായിയാണ് ഡയാനയേക്കാള്‍ സുന്ദരി എന്നദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇരുണ്ട നിറത്തെ അധിക്ഷേപിക്കരുത് എന്നാവശ്യപ്പെട്ട് ഡയാന രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണ് ത്രിപുര മുഖ്യമന്ത്രി മാപ്പുപറഞ്ഞത്.

DONT MISS
Top