വരുന്നത് മോഹന്‍ലാല്‍ ചിത്രമെന്ന് ഫാന്‍സ്‌ക്ലബ്ബ്; ആശിര്‍വാദും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുമെന്നും വെളിപ്പെടുത്തല്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ.സിജെ റോയി അറിയിച്ചതുപോലെ ഏതാനും നിമിഷങ്ങള്‍ക്കകം മലയാളത്തിലെ ഏറ്റവും വലിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടേക്കും. എന്നാലിതൊരു മോഹന്‍ലാല്‍ ചിത്രമാകുമെന്നാണ് ലാല്‍ ആരാധകവൃന്ദം നല്‍കുന്ന സൂചന. ഇതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ആശിര്‍വാദിന്റെ പുതിയ ചിത്രമാണിത്. കോണ്‍ഫിഡന്റ് ഗ്രൂപ്പായിരിക്കും സഹനിര്‍മാതാക്കള്‍. 100 കോടി ബജറ്റിലാകും സിനിമ ഒരുങ്ങുക. ചിത്രം മണിക്കൂറുകള്‍ക്കകം കൊച്ചിയില്‍ പ്രഖ്യാപിക്കപ്പെടും, എന്നിങ്ങനെപോകുന്നു മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ വിശദീകരണം. എന്നാല്‍ വസ്തുതകളില്‍ സ്ഥിരീകരണമില്ല.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രമുണ്ടാകും എന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമും ഇതേ പേരില്‍ ചിത്രവുമായി മുന്നോട്ടുവന്നു. ഇതോടെ പ്രിയദര്‍ശന്‍ തല്‍ക്കാലം പിന്മാറുകയും എന്നാല്‍ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്ന് അറിയിക്കുകയുമായിരുന്നു. ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാറിനേക്കുറിച്ചാണോ റോയ് പ്രഖ്യാപിക്കാനിരിക്കുന്നത് എന്നാണ് സിനിമാ ലോകത്തിന്റെ ആകാംക്ഷ.

DONT MISS
Top