മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രം അല്‍പസമയത്തിനകം പ്രഖ്യാപിക്കും; മമ്മൂട്ടിയോ മോഹന്‍ലാലോ?

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെയുണ്ടാകും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ.റോയി സിജെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നേരത്തേ ഉണ്ടാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്ന ഏതെങ്കിലും ചിത്രമാണോ ഇത് എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. നാലരമണിക്ക് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രമുണ്ടാകും എന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമും ഇതേ പേരില്‍ ചിത്രവുമായി മുന്നോട്ടുവന്നു. ഇതോടെ പ്രിയദര്‍ശന്‍ തല്‍ക്കാലം പിന്മാറുകയും എന്നാല്‍ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്ന് അറിയിക്കുകയുമായിരുന്നു. ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാറിനേക്കുറിച്ചാണോ റോയ് പ്രഖ്യാപിക്കാനിരിക്കുന്നത് എന്നാണ് സിനിമാ ലോകത്തിന്റെ ആകാംക്ഷ.

സന്തോഷ് ശിവന്‍ അടുത്തതായി ചെയ്യുന്നത് കുഞ്ഞാലി മരയ്ക്കാറല്ല എന്ന് വക്തമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സൂചന ലഭിക്കുന്നത്. നേരത്തെ മോഹന്‍ലാലുമായി കാസിനോവ എന്ന ബിഗ് ബജറ്റ് ചിത്രം ചെയ്ത അനുഭവമുണ്ട് റോയ് സിജെയ്ക്ക്. എന്നാല്‍ ചിത്രം ഒരു വലിയ വിജയമായിരുന്നില്ല. ഫ്‌ലാഷ് എന്ന ചിത്രമെടുത്ത ടോമിച്ചന്‍ മുളകുപാടം പുലിമുരുകനിലൂടെ തിരിച്ചെത്തിയതുപോലെ വീണ്ടുമൊരു ലാല്‍ ചിത്രത്തിലൂടെ റോയ് തിരികെയെത്താനുള്ള സാധ്യതയുണ്ട്. പ്രഖ്യാപിക്കപ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ വരും മാസങ്ങളില്‍ നിരവധി പ്രൊജക്ടുകളും കടുത്ത ഷെഡ്യൂളുകളും ഡേറ്റ് ഇല്ലായ്മയുമാണ് മെഗാതാരത്തിന് നിലവില്‍ത്തന്നെയുള്ളത്.

DONT MISS
Top