ഡയാന ഹെയ്ഡനെതിരായ പരാമര്‍ശം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് മാപ്പുപറഞ്ഞു

ബിപ്ലബ് കമാര്‍ ദേബ്, ഡയാന

അഗര്‍ത്തല: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കമാര്‍ ദേബ്. ഡയാനയല്ല ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമെന്ന പരാമര്‍ശത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ക്ഷമ ചോദിച്ച് ബിപ്ലബ് ദേബ് രംഗത്തെത്തിയത്.

അഗര്‍ത്തലയിലെ ഡിസൈന്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ദേബിന്റെ പ്രസ്താവന. ‘ഹാന്‍ഡ്‌ലൂമിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താന്‍. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ അമ്മയെ പോലെ എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍,’ ദേബ് വ്യക്തമാക്കി.

ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികളെന്നും ഈ രണ്ട് ദേവിമാരുടേയും സവിശേഷത ഐശ്വര്യ റായിക്ക് ഉണ്ട്, എന്നാല്‍ ഹെയ്ഡന് ഇല്ലെന്നുമായിരുന്നു ദേബിന്റെ പ്രസ്താവന. ‘സൗന്ദര്യ മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും മത്സരിച്ച് വിജയിക്കാം, ഹെയ്ഡന്റെ വിജയത്തേയും അത്തരത്തില്‍ കണ്ടാല്‍ മതി. അതല്ലാതെ ഒരിക്കലും ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമല്ല,’ ദേബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേബിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡയാനയും രംഗത്തെത്തി. ബിപ്ലബ് ദേബ് ഉന്നത സ്ഥാനത്തിരിക്കുന്നയാളാണെന്നും എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതുണ്ടെന്നും ഡയാന പ്രതികരിച്ചു. ഇരുണ്ട നിറത്തിലുള്ള സ്ത്രീകളോടുള്ള ഇഷ്ടക്കുറവാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുള്ളതെന്നും ബിപ്ലബിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ഡയാന പറഞ്ഞു. താന്‍ ഇരുണ്ട നിറത്തിലുള്ള ഇന്ത്യക്കാരിയാണെന്ന് പറഞ്ഞ താരം അതില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

DONT MISS
Top