വെന്റിലേറ്റര്‍ മാറ്റിയിട്ടും അവന്‍ ജീവിയ്ക്കുന്നു, അമ്മയുടെ മാറിന്റെ ചൂടേറ്റ്: ശാസ്ത്രം തോറ്റ് പോകുന്നു ഈ കുഞ്ഞിന് മുന്നില്‍

ജീവിതമെന്നത് ചിലപ്പോള്‍ അത്ഭുതമെന്ന് തോന്നും. ശാസ്ത്രം പോലും ആ അത്ഭുതത്തിന് മുന്നില്‍ തോറ്റുപോയെന്നും വരാം. അതിനുദാഹരണമാണ് ആല്‍ഫി എന്ന കുഞ്ഞിന്റെ ജീവിതം. മൂന്ന് ദിവസമായി വെന്റിലേറ്റര്‍ നീക്കിയിട്ടും അവന്‍ ജീവിയ്ക്കുകയാണ് സ്വന്തം അമ്മയുടെ മാറിന്റെ ചൂടേറ്റ്. ഈ ലോകം മുഴുവന്‍ ആ കുഞ്ഞിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി ലിവര്‍പൂളിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ് ആല്‍ഫി ഇവാന്‍സ് എന്ന രണ്ട് വയസ്സുകാരന്‍. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന അപൂര്‍വ രോഗമാണ് ആല്‍ഫിയ്ക്ക്. ഒരിക്കലും ആ കുഞ്ഞ് രക്ഷപ്പെടില്ലെന്നും സ്വാഭാവിക മരണം അനുവദിച്ച് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് സമ്മതിക്കാന്‍ ആല്‍ഫിയുടെ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.

അവനെ റോമിലെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയും കോടതി തള്ളി. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വെന്റിലേറ്റര്‍ നീക്കിയത്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് അമ്മയുടെ മാറിന്‍െ ചൂടേറ്റ് അവന്‍ ഇപ്പോഴും ജീവിയ്ക്കുകയാണ്.

ഇവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് അവന്‍ തെളിയിക്കുകയാണ്. അവന്‍ ഇനിയും ജീവിയ്ക്കും ദിവസങ്ങളല്ല മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ആത്മവിശ്വാസത്തോടെ ആല്‍ഫിയുടെ അച്ഛന്‍ ടോം ഇവാന്‍സ് പറയുന്നു. ഏത് നിമിഷവും മരണപ്പെടാം എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കിമ്പോഴും കഴിഞ്ഞ 62 മണിക്കൂറായി ആ കുഞ്ഞ് ജീവിയ്ക്കുകയാണ് എന്ന അത്ഭുതത്തിലാണ് ഇന്ന് ഈ ലോകം . അവന്‍ മരണത്തെ തോല്‍പ്പിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍.

DONT MISS
Top