ഇന്ധന വിലവര്‍ധനവിനെതിരെ മെയ് നാലിന് ജില്ലാകേന്ദ്രങ്ങളില്‍ സിപിഐഎമ്മിന്റെ പ്രതിഷേധ സംഗമം

കോടിയേരി

കൊച്ചി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ മെയ് നാലിന് വൈകുന്നേരം നാല് മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ സിപിഐഎം പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇന്ധന വിലവര്‍ധനവ് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഓരോ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എണ്ണ വിലവര്‍ധനവ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സ്ഥിതിയുണ്ടാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയായിരിക്കും ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. വിലക്കയറ്റം രൂക്ഷമാക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം, കോടിയേരി പറഞ്ഞു.

യുപിഎ ഭരണകാലത്ത് എണ്ണകമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍, അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വിലവര്‍ധിപ്പിക്കാനുള്ള അവകാശം നല്‍കി. സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കോടിയേരി ആരോപിച്ചു.

ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് ഇരുപതുലക്ഷം കോടി രൂപയാണ്. സബ്സിഡി ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന് നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്നുള്ളതിന്റെ ഇരട്ടി വിലയുണ്ടായിരുന്ന കാലത്തെ വിലയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും വില, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന വിലവര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയരണമെന്ന് പറഞ്ഞ കോടിയേരി മെയ് 4ന് നടക്കുന്ന പ്രതിഷേധസംഗമം വിജയിപ്പിക്കുവാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ട് വരണമെന്നും അഭ്യര്‍ത്ഥിച്ചു.

DONT MISS
Top