കെഎം മാണി കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ മുഖം: ബിനോയ് വിശ്വം


കൊല്ലം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം രംഗത്ത്. കേരളത്തിലെ വെറുക്കപ്പെട്ട രാഷ്ട്രീയമുഖമാണ് കെഎം മാണിയുടേതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മാണിയുമായുള്ള ബന്ധം എല്‍ഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് മുഴുവന്‍ ബാധകമായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ ഒരു മോഡലായിട്ടാണ് എല്‍ഡിഎഫിനെ സിപിഐ കാണുന്നത്. ഇടതുപക്ഷം തന്നെ അഴിമതിയുടെ പേരില്‍, നയങ്ങളുടെ പേരില്‍ എത്രയോ വര്‍ഷമായി എതിര്‍ത്തുവരുന്ന കെഎം മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയുടെ മുഴുവന്‍ മാതൃകയായി കാണുന്ന എല്‍ഡിഎഫിന്റെ പ്രതിച്ഛായയ്ക്കും പ്രകാശത്തിനും അത് മങ്ങലേല്‍പ്പിക്കും.

എല്‍ഡിഎഫിന്റെ ഭാഗമായി കെഎം മാണി മാറുന്നത് മുന്നണിയുടെ പൊതുപ്രതിച്ഛായയ്ക്ക് ഗുണകരമേ അല്ല. അഴിമതിയുടെ പേരില്‍ എല്‍ഡിഎഫ് ഇന്നലെവരെ ആക്രമിച്ച് പോന്ന ഒരാളെ മുന്നണിയുടെ ഭാഗമാക്കിയാല്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നതിനെ കുറിച്ച് സിപിഐയ്ക്ക് ആശങ്കയുണ്ട്.

കേരളം ഏറ്റവുമധികം വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെയും നയങ്ങളുടെയും പ്രതീകമാണ് കെഎം മാണി. എല്‍ഡിഎഫും സിപിഐയും സിപിഐഎമ്മും ആ രീതിയിലാണ് മാണിയെ കാണുന്നതും. ആ കേരളാ കോണ്‍ഗ്രസ് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാകുന്നത് മുന്നണിയ്ക്ക് ദോഷമേ ഉണ്ടാക്കൂ. അതുകൊണ്ടാണ് മാണിയുമായുള്ള സഹകരണത്തില്‍ സിപിഐയ്ക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളത്. ബിനോയ് വിശ്വം പറഞ്ഞു.

DONT MISS
Top