ഒടുവില്‍ മോഹന്‍ ഭാഗവത് സമ്മതിച്ചു, 180 കോടി ബജറ്റില്‍ ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു

ആര്‍എസ്എസിന്റെ ചരിത്രത്തെ ആസ്പദമാക്കി ബോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ബാഹുബലി എഴുത്തുകാരന്‍ കെവി വിജേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ചിത്രം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥയ്ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് അന്തിമ അനുമതി നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

180 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. ബിജെപിയില്‍ അംഗത്വമുള്ള കന്നഡ സിനിമയിലെ മുതിര്‍ന്ന കലാകാരന്‍മാരില്‍ ഒരാളായ ലഹാരി വേലു തുളസി നായിഡുവാണ് ചിത്രത്തിന്റെ ആശയം മുന്നോട്ടുവച്ചത്. വിഡി സവര്‍ക്കര്‍, കേശവ് ബലിറാം, എംഎസ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ത്യാഗങ്ങള്‍ സിനിമയുടെ ഇതിവൃത്തത്തിന്റെ ഭാഗമാണെന്ന് ലഹാരി ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെ അണിനിരത്തി ചിത്രം തയ്യാറാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രത്തിന്റെ വിതരണം സംബന്ധിച്ച് മോഷന്‍ പിക്ച്ചേഴ്സുമായും സീ ഗ്രൂപ്പുമായും ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  ചിത്രം സംബന്ധിച്ച് മോഹന്‍ ഭാഗവതുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പിന്തുണയും ചിത്രത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top