ഒരുവശത്ത് അഴിമതിക്കെതിരാണെന്ന് പറയുകയും മറുവശത്ത് അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയുമാണ് മോദിയെന്ന് രാഹുല്‍ഗാന്ധി

രാഹുല്‍ ഗാന്ധി

ബംഗളുരു: ഒരുവശത്ത് അഴിമതിക്കെതിരാണെന്ന് പറയുകയും മറുവശത്ത് അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയുമാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണ്ണാടകയില്‍ ഖനി വിവാദത്തില്‍പ്പെട്ട റെഡ്ഡി സഹോദരന്‍മാര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം.

സിബിഐയെ പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇല്ലീഗല്‍ മൈനിംഗ് എന്നാക്കി മാറ്റിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണ്ണാടകയില്‍ പൊതുറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് അഴിമതിക്കെതിരായ മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്. ‘ഒരുവശത്ത് മോദിജീ അഴിമതിക്കെതിരാണെന്ന് പറയുന്നു, മറുവശത്ത് അഴിമതിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഖനി വിവാദത്തില്‍പ്പെട്ട് ജയിലില്‍പോയ റെഡ്ഡി സഹോദരന്മാര്‍ക്ക് കര്‍ണ്ണാടകയില്‍ സീറ്റ് നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രി അവര്‍ക്ക് ക്ലീന്‍ ചീറ്റും അനുവദിച്ച് കൊടുത്തു. പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് നീരവ് മോദിയെപ്പോലുള്ളവര്‍ ഇവിടെ നാടുവിടുന്നു. പക്ഷെ ഇതിനെക്കുറിച്ചൊന്നും മോദിജീക്ക് ഒരക്ഷരം പോലും പറയാനില്ല,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ കര്‍ഷക പ്രശ്‌നങ്ങളിലും രാജ്യത്ത് സ്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളിലുമുള്ള മോദിയുടെ മൗനത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദ്യം ചെയ്തു. ‘കര്‍ഷകരുടെ വായ്പ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുടെ പ്രതിനിധി സംഘത്തോടൊപ്പം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതാണ്. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഉത്തര്‍പ്രദേശില്‍ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബലാത്സംഗ കേസില്‍ പ്രതിയായപ്പോഴും മോദിജീ മൗനിയായി തുടര്‍ന്നു. സത്യം എന്തെന്നാല്‍ അദ്ദേഹം എല്ലായ്‌പ്പോഴം മൗനിയാണ്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

DONT MISS
Top