സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്: കരട് സംഘടനാ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്ന്

ഫയല്‍ ചിത്രം

കൊല്ലം: വിഭാഗീയത അടക്കമുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരട് സംഘടന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രക്ഷുബ്ധമാക്കും. മഹാരാഷ്ട്രയില്‍ കിസാന്‍ സഭ നടത്തിയ കര്‍ഷക സമരം സിപിഐഎം ഹൈജാക്ക് ചെയ്തുവെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിക്കും.

നാല്‍പത്തിയെട്ട് പേജുള്ള കരട് രാഷ്ട്രിയ പ്രമേയവും ഇരുപത്തിയെട്ട് പേജുള്ള കരട് സംഘടന റിപ്പോര്‍ട്ടും കരട് രാഷ്ട്രിയ റിവ്യു റിപ്പോര്‍ട്ടുമാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ബിജെപി യെ പരാജയപ്പെടുത്താന്‍ വിശാലമായ ഐക്യം വേണമെന്ന കരട് രാഷ്ട്രിയ പ്രമേയം കാര്യമായ എതിര്‍പ്പുകളില്ലാതെ അംഗീകരിക്കപ്പെടും. പക്ഷേ വിഭാഗീയത തുറന്ന് കാട്ടുന്ന കരട് സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രക്ഷുബ്ധമാക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ കെഇ ഇസ്മയില്‍ കണ്‍ട്രോള്‍ കമ്മീഷന് നല്‍കിയ പരാധിയടക്കം കരട് സംഘടന റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് ചര്‍ച്ചയാകും. രാജ്യത്തെ ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനാകുന്നില്ലെന്ന വിമര്‍ശനം പ്രതിനിധി സമ്മേളത്തില്‍ ഉയരും.

മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ലോംഗ് മാര്‍ച്ചിന്റെ നേട്ടം സിപിഐഎം സ്വന്തമാക്കി. കര്‍ണാടകയിലും ഗുജറാത്തിലേയും രാജസ്ഥാനിലേയും കര്‍ഷകര്‍ സമരപാതയിലാണ്. എന്നാല്‍ സിപിഐ തൊഴിലാഴി കര്‍ഷകസംഘടനകള്‍ക്ക് അതില്‍ ഇടപ്പെടാനാകുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെയും യുവജനസംഘടനയായ എഐവൈഎഫിന്റെയും പ്രവര്‍ത്തനത്തേക്കുറിച്ചും വിമര്‍ശനമുണ്ട്. ജെഎന്‍യുവില്‍ കനയ്യ കുമാറിനെപ്പോലെയുള്ളര്‍ ഉയര്‍ത്തിവിട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചില്ല. കനയ്യയുടെ സമരം മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഉള്ളതായിരുന്നു. എന്നാല്‍ ആ പ്രക്ഷോഭം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം പൊതുചര്‍ച്ചയിലും ഉണ്ടാകും.

DONT MISS
Top