ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ശേഷം ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നു

സംഭവം നടന്ന വീട്‌

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയല്‍ കണ്ടെത്തി. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

വീട് പൂട്ടിയശേഷം ‘വീട് വാടകയ്ക്ക്’ എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

മരണം നടന്നിട്ട് ഒരു മാസത്തിലധികമായിട്ടുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

ദമ്പതികളും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന നിരവധി വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.

DONT MISS
Top