ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍, കെഎം മാണി

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ പിന്തുണ വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ മാണിയുടെ സഹായം എല്‍ഡിഎഫിന് ആവശ്യമില്ലെന്ന് കാനം പറഞ്ഞു. മാണിയുടെ സഹായം ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക് ഉണ്ടെന്നും കാനം കൊല്ലത്ത് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കാനം രംഗത്ത് വന്നിരിക്കുന്നത്. മാണിയുമായുള്ള ബന്ധത്തെ ചൊല്ലി സിപിഐഎം-സിപിഐ തര്‍ക്കം രൂക്ഷമാകുമെന്ന സൂചനയാണ് കാനത്തിന്റെ പ്രസ്താവന നല്‍കുന്നത്. മാണിയുടെ പിന്തുണ സ്വീകരിക്കാം എന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്.

ചെങ്ങന്നൂരില്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാണിയുടെ സഹായം ഇല്ലാതെയാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ വിജയിച്ചത്. ഇത്തവണ സജി ചെറിയാന് വിജയിക്കുന്നതിനും മാണിയുടെ പിന്തുണ ആവശ്യമില്ല. കാനം വ്യക്തമാക്കി.

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം കെഎം മാണിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ മാണി തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം പിന്തുണ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് മാണി വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 28 നാണ് ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 31 നും. മെയ് മൂന്നിന് വിജ്ഞാപനം ഇറങ്ങും. മെയ് പത്താണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് പതിനൊന്ന് സൂക്ഷ്മപരിശോധന നടക്കും. മെയ് പതിനാലാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

DONT MISS
Top