നീരവ് മോദിയുള്ളത് ഹോങ്കോങ്ങിലല്ല, ന്യൂയോര്‍ക്കില്‍; സഞ്ചാരം റദ്ദാക്കപ്പെട്ട പാസ്‌പോര്‍ട്ടില്‍

നീരവ് മോദി

ദില്ലി: ശതകോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്. മോദി ഹോങ്കോങ്ങിലുണ്ടെന്നും കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം പിടികൂടി ഇന്ത്യക്ക് കൈമാറാന്‍ ഹോങ്കോങ്ങിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നുമുള്ള നിലപാട് ഇന്ത്യന്‍ സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് നീരവ് മോദി അമേരിക്കയിലാണുള്ളതെന്ന വാര്‍ത്തകള്‍ വരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചാണ് പന്ത്രണ്ടായിരം കോടിയലധികം രൂപ മോദി തട്ടിയെടുത്തത്. തുടര്‍ന്ന് കുടുംബസമേതം രാജ്യവിട്ട മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു. മോദിയെ പിടികൂടി ഇന്ത്യയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാസ്‌പോര്‍ട്ട് റദ്ദു ചെയ്തത്.

എന്നാല്‍ റദ്ദ് ചെയ്യപ്പെട്ട ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി അന്താരാഷ്ട്ര യാത്രകള്‍ ഇപ്പോഴും നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആതിഥേയ രാജ്യത്തിന് സ്വീകാര്യമെങ്കില്‍ റദ്ദ് ചെയ്യപ്പെടുന്ന പാസ്‌പോര്‍ട്ടുമായി അവിടെ ചെന്നിറങ്ങുന്നതിന് പ്രശ്‌നമില്ല. ഈ സാങ്കേതിക സൗകര്യമുപയോഗിച്ചാണ് മോദി ഇപ്പോള്‍ അമേരിക്കയിലെത്തിയിട്ടുള്ളത്.

പണം തട്ടിപ്പ് കേസില്‍ ഇന്ത്യ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യ വിട്ട നീരവ് മോദി ആദ്യമെത്തിയത് യുഎഇയിലാണ്. ഇവിടെ നിന്ന് ഹോങ്കോങ്ങിലെത്തി. ഫെബ്രുവരി 14 ന് ന് മോദി ഹോങ്കോങ്ങ്‌
വിട്ടിരുന്നു. ഇതിന് ഏതാണ്ട് ഒന്നര മാസത്തിന് ശേഷം, മാര്‍ച്ച് 23 നാണ് ഇന്ത്യ, കുറ്റവാളികളെ കൈമാറുന്നതനുസരിച്ചുള്ള  ഉടമ്പടി പ്രകാരം മോദിയെ അറസ്റ്റ് ചെയ്ത് തങ്ങള്‍ക്ക് കൈമാറണമെന്ന് ഹോങ്കോങിനോട് ആവശ്യപ്പെട്ടതെന്ന് ഇതോടെ വ്യക്തമായി.

ഫെബ്രുവരി 14 ന്ഹോങ്കോങ്ങ്‌ വിട്ട മോദി നേരെ ലണ്ടനിലാണ് വിമാനമിറങ്ങിയത്. ഇവിടെ നിന്നാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ നിന്ന്
ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.  പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കഴിഞ്ഞവര്‍ഷത്തെ അറ്റാദായം 1325 കോടി രൂപയാണ്. ഇതിന്റെ എട്ടര മടങ്ങാണ് 2011 മുതല്‍ നീരവ് മോദിയുടെ തട്ടിപ്പിലൂടെ ബാങ്കിന് ബാധ്യതയുണ്ടായത്.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന്‌ വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം.

ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 85 -ാംസ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍  ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

മദ്യവ്യാപാരി വിജയ് മല്യ നടത്തിയ വെട്ടിപ്പിനെ കവച്ചുവയ്ക്കുന്ന സാമ്പത്തിക തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള 17 ബാങ്കുകളെ കബളിപ്പിച്ച് വിജയ് മല്യ നടത്തിയത് 9000 കോടിയുടെ തട്ടിപ്പാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലായിരുന്നു പ്രധാനമായും വായ്പ്പകള്‍ തരപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടണിലേക്ക് മുങ്ങിയ മല്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

DONT MISS
Top