കര്‍ണാടകയിലെ ബിജെപി നേതൃത്വം ഖനിമാഫിയയുടെ ഉള്ളംകൈയിലാണ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വിമര്‍ശിച്ച് തോമസ് ഐസക്ക്

തോമസ് ഐസക്ക്

തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപി നേതൃത്വം ഖനിമാഫിയയുടെ ഉള്ളംകൈയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് തോമസ് ഐസക്ക് വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. ശതകോടികള്‍ വിലമതിക്കുന്ന പ്രകൃതി സമ്പത്തു കൊള്ളയടിക്കാന്‍ മൂവായിരം വര്‍ഷം പഴക്കമുള്ള അമ്പലം ബോംബു വെച്ചു തകര്‍ക്കാന്‍ പോലും മടിയില്ലാത്ത റെഡ്ഡി സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയതുവഴി തനിനിറം വ്യക്തമാക്കുകയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം, ദേശീയത, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ സംഘപരിവാറിന്റെ കാപട്യമാണ് ഇതോടെ പുറത്തായത്. കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയായ ഒബലാപുരം വനമേഖലയില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ വില മതിയ്ക്കുന്ന ഇരുമ്പയിര് നികുതിവെട്ടിച്ച് കടത്തിയ കേസില്‍ ആയിരത്തിലേറെ ദിവസം ജയിലില്‍ കിടന്ന ബിജെപി നേതാവാണ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനാര്‍ദ്ദന റെഡ്ഡി. കാടും മലയും തുരന്ന്, സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍.

ജനാര്‍ദന റെഡ്ഡിയുടെ സന്തതസഹചാരിയും വിശ്വസ്തനുമായ ബി ശ്രീരാമലുവിനെ രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി മത്സരിപ്പിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വടക്കന്‍ കര്‍ണാടകയിലെ ബാദാമിയില്‍ എതിരിടുന്നത് ഇദ്ദേഹമാണ്. ഈ സീറ്റില്‍ മത്സരിക്കാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച യെദ്യൂരപ്പയെ വെട്ടിയാണ് ശ്രീരാമലുവിനെ ബിജെപി രംഗത്തിറക്കിയത്. കര്‍ണാടകത്തിലെ ബിജെപി നേതൃത്വം ഇപ്പോഴും ഖനി മാഫിയയുടെ ഉള്ളംകൈയില്‍ത്തന്നെയാണ് എന്നതിന് വേറെ തെളിവു വേണ്ട. ശ്രീരാമലുവിനു പുറമെ, ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരങ്ങളായ കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി, അമ്മാവന്‍ സന്ന ഫക്കീരപ്പ, മറ്റൊരു ബന്ധു ലല്ലേഷ് റെഡ്ഡി, ശ്രീരാമലുവിന്റെ അനന്തരവന്‍ ടിഎച്ച് സുരേഷ് ബാബു എന്നിവര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റു നല്‍കി. ബെല്ലാരിയില്‍ കടക്കുന്നതിന് കോടതി വിലക്കുള്ളതുകൊണ്ടാവാം, ജനാര്‍ദ്ദന റെഡ്ഡിയ്ക്കു മത്സരിക്കാന്‍ കഴിയാത്തത്. മറ്റെല്ലാ സ്ഥലങ്ങളിലും പ്രചരണ നായകന്‍ ജനാര്‍ദ്ദന റെഡ്ഡി തന്നെ എന്നും ഐസക്ക് പറഞ്ഞു.

നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തില്‍ ഇന്ത്യയിലെ ജനങ്ങളാകെ വലഞ്ഞ സമയത്ത്, ബംഗളൂരിവില്‍ നടന്ന റെഡ്ഡിയുടെ മകളുടെ ആഡംബരവിവാഹം ബിജെപിയെ വെട്ടിലാക്കിയിരുന്നു. 500 കോടി ചെലവിട്ടുവെന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. അനധികൃത ഖനനക്കേസില്‍ റെഡ്ഡിയുടെയും അനുചരന്മാരുടെയും സ്വത്തു മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ആയിരത്തിന്റയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ടും ഈ വിവാഹധൂര്‍ത്തിനുള്ള പണം റെഡ്ഡിക്ക് എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല. ബിജെപിയുടെ ഉന്നതങ്ങളില്‍ ബെല്ലാരി ഖനി മാഫിയയ്ക്കുള്ള സ്വാധീനം എത്രയോ വലുതാണെന്ന് രാജ്യം തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളാണിതൊക്കെ എന്നും തോമസ് ഐസക്ക് പറഞ്ഞു.

DONT MISS
Top