2019 ഐപിഎല്‍: മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ സാധ്യത

ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം പതിപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ സാധ്യത. 2019 ലെ പൊതുതെരഞ്ഞെടുപ്പ് പരിഗണിച്ചാണിത്. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ പന്ത്രണ്ടാം പതിപ്പ് മത്സരങ്ങള്‍ നടക്കുക. ഇതേ കാലയളവില്‍ തന്നെയാണ് തെരഞ്ഞെടുപ്പും നടക്കുന്നത്.

ഐപിഎല്‍ വേദി മാറ്റുന്നുണ്ടെങ്കില്‍ യുഎഇ ആണ് പ്രധാന പരിഗണനയിലുള്ളത്. ഇതാദ്യമായല്ല ഐപിഎല്‍ വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റുന്നത്. 2014 ലെ ആദ്യഘട്ട മത്സരങ്ങള്‍ യുഎഇയിലായിരുന്നു സംഘടിപ്പിച്ചത്. 2009 ലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയായിരുന്നു വേദിയായത്. കാലാവസ്ഥയും സമയവും പരിഗണിക്കുമ്പോള്‍ യുഎഇ ആണ് കുറച്ചുകൂടി അനുയോജ്യമെന്നാണ് അധികൃതരുടെ പക്ഷം. ഇതുകൂടാതെ മുന്‍പ് അവിടെ നടത്തിയ മത്സരങ്ങളുടെ വിജയവും മികച്ചതായിരുന്നു.

അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു തീരുമാനവും പുറത്തുവിട്ടിട്ടില്ല. നിലവില്‍ പതിനൊന്നാം പതിപ്പ് ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ പുരോഗമിക്കുമ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഒന്നാം സ്ഥാനത്ത്.

DONT MISS
Top