സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കമായി

ഫയല്‍ ചിത്രം

കൊല്ലം: സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കമായി. സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ചന്ദ്രപ്പന്‍ നഗറില്‍ പതാക ഉയര്‍ത്തിയത്. ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന എബി ബര്‍ദാന്‍ നഗറില്‍ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 905 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇന്‍ക്വിലാബ് വിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയില്‍ വിവിധ രക്തസാക്ഷി മണ്ഡപങ്ങള്‍ താണ്ടിയെത്തിയ കൊടിമര, പതാക, ദീപശിഖാ ജാഥകള്‍ കൊല്ലം കടപ്പാക്കടയില്‍ വച്ചാണ് സംഗമിച്ചത്. കൊടിമര പാതാക ജാഥകള്‍ ചന്ദ്രപ്പന്‍ നഗറിലേക്കും ദീപശിഖാ ജാഥ പ്രതിനിധി സമ്മേളനം നടക്കുന്ന എബി ബര്‍ദാന്‍ നഗറിലേക്കും എത്തിച്ചു. പ്രതിനിധി സമ്മേളന നഗരയില്‍ ഡി രാജ ദീപശിഖ കൊളുത്തി.

രാവിലെ പ്രതിനിധി സമ്മേളന വേദിയില്‍ മുതിര്‍ന്ന നേതാവ് സിഎ കുര്യന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ അഭിവാദ്യം അര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളില്‍ പൊതുചര്‍ച്ചയും നടക്കും. ഞായറാഴ്ച്ച രാവിലെ പുതിയ ദേശീയകൗണ്‍സിലിനെ തെരഞ്ഞെടുക്കും. വൈകിട്ട് ആശ്രമം മൈതാനിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ചുവപ്പ് വാളണ്ടിയര്‍ പരേഡോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.

DONT MISS
Top