ഡബ്ല്യുസിസിയുടെ പരാതി ഫലം കണ്ടു; സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നത്തിന്‍ മേല്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട്

മന്ത്രി എകെ ബാലന്‍ ജസ്റ്റിസ് ഹേമ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി എകെ ബാലന്‍.  ജസ്റ്റിസ് ഹേമ കമ്മറ്റി ഇന്ന് മന്ത്രിയുടെ ഒാഫീസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിരുന്നു സന്ദര്‍ശനം.

എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മറ്റിക്ക് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും പ്രത്യാശിക്കുന്നതായും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ രൂപീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എകെ ബാലന്റെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം 2017 മെയ് 17നാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.  ഈ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സിനിമാ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍  ഉത്തരവ് പുറപ്പെടുവിച്ചത്.

DONT MISS
Top