അസാറാം ബാപ്പുവിനെ കുടുക്കിയത് ഈ പൊലീസുകാരന്‍; കേസന്വേഷണത്തില്‍ നേരിട്ടത് കുടുംബത്തെ ഇല്ലാതാക്കലടക്കം രണ്ടായിരത്തിലധികം ഭീഷണി സന്ദേശങ്ങള്‍

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിനെതിരെയുള്ള കേസ് അന്വേഷിച്ച പൊലീസ് മേധാവിയ്ക്ക് ഇതുവരെ ലഭിച്ചത് രണ്ടായിരത്തിലധികം ഭീഷണി കത്തുകളും ഫോണ്‍കോളുകളും. അജയ്പാല്‍ ലംബയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതെല്ലാം മറികടന്നുകൊണ്ടാണ് അസാറാം ബാപ്പുവിന് ശിക്ഷ വാങ്ങി നല്‍കിയത്.

ജോധ്പൂരിലെ പ്രത്യേക കോടതിയാണ് അസാറാം ബാപ്പുവിന് ഇന്ന് ശിക്ഷ വിധിച്ചത്. അസാറാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നതടക്കമുള്ള ഭീഷണികളാണ് വന്നുകൊണ്ടിരുന്നത്. അജ്ഞാത നമ്പറുകളില്‍ നിന്നടക്കം നിരന്തരം ഭീഷണികളായിരുന്നു ഈ പൊലീസുകാരന്‍ കേസ് അന്വേഷണ വേളയില്‍ നേരിട്ടത്. പിന്നീട് താമസസ്ഥലം ഉദയ്പുറിലേയ്ക്ക്  മാറിയതോടെയാണ് ഭീഷണികത്തുകള്‍ ലഭിച്ചതെന്നും ലംബ പറയുന്നു.

2013 ഓഗസ്റ്റിലാണ് കേസിന്റെ അന്വേഷണ ചുമതല ജോധ്പൂര്‍ പടിഞ്ഞാര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആയിരുന്നു ലംബയ്ക്ക് കൈമാറുന്നത്. കേസുമായി ബന്ധപ്പെട്ട് സാക്ഷികള്‍ കൊല്ലപ്പെടുകയും അസാറാമിന്റെ അനുയായികളുടെ ഭീഷണികളും നിലനില്‍ക്കുന്നതിനിടെയാണ് കേസ് ലംബ ഏറ്റെടുക്കുന്നത്. 2005 ബാച്ചിലെ ഐപിഎസ് ഓഫീസറായ ലംബ നിലവില്‍ ജോധ്പൂര്‍ എസ്പിയാണ്. ഭീഷണിയെ തുടര്‍ന്ന് കുറച്ച് കാലം മകള്‍ സ്‌കൂളിലോ ഭാര്യ വീടിന് പുറത്തോ പോകാറില്ലായിരുന്നുവെന്നും ലംബ പറയുന്നു.

സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ്  വിധി വന്നിരിക്കുന്നത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിധിയെ തുടര്‍ന്ന് അസാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top