പ്രധാനമന്ത്രിയുടെ വാക്കിന് വിലകല്‍പ്പിക്കുന്നില്ല; മമതാ ബാര്‍ജിയെ ശൂര്‍പ്പണഖയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

സുരേന്ദ്ര സിംഗ്

ലഖ്‌നൗ: വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നരേന്ദ്ര മോദി താക്കീത് നല്‍കിയതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിളിച്ചാണ് സുരേന്ദ്ര സിംഗ് പുതിയ വിവാദം സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ശൂര്‍പ്പണഖയുടെ മൂക്ക് അരിയും എന്നും സിംഗ് പറഞ്ഞു. തെരുവില്‍ ജനങ്ങള്‍ മരിക്കുമ്പോള്‍ ശൂര്‍പ്പണഖയെപ്പോലെ പെരുമാറുകയാണ് മമതാ ബാനര്‍ജി എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ജനങ്ങള്‍ തെരുവില്‍ മരിക്കുമ്പോഴും അതിനുവേണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ മമതാ ബാനര്‍ജി ഒന്നും ചെയ്യുന്നില്ല. ഒരിക്കലും അത് നല്ലകാര്യം അല്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. ബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. അതികം വൈകാതെ ബംഗാളും ജമ്മുകശ്മീര്‍ പോലെയാകുമെന്നും സിംഗ് പറഞ്ഞിരുന്നു.

ബംഗാളില്‍ നിന്നും ഹിന്ദുക്കളെ ഇല്ലാതാക്കുകയാണ്. ജമ്മുകശ്മീരില്‍ എന്താണോ സംഭവിക്കുന്നത് അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും തീവ്രവാദം ബംഗാളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ രാവണന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും സിംഗ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് മോദി നിര്‍ദേശം നല്‍കിയത്. അടുത്തിടെ ഏറെ വിവാദമായ മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് ഉപയോഗവും, ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം തുടങ്ങി അടുത്തിടെ വിവാദങ്ങളായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നേതാക്കളെ വിമര്‍ശിച്ചത്.

DONT MISS
Top