കോപ്പിയടി കയ്യോടെ പിടികൂടി; അധ്യാപകനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു

ഔറംഗാബാദ്: പരീക്ഷയ്ക്കിടെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ വിദ്യാര്‍ത്ഥി അധ്യാപകനെ മര്‍ദ്ദിച്ച് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കബ്ര മഹാജ്കാര്യ വിദ്യാലയത്തില്‍ വച്ച് ഇന്നലെ നടന്ന എംപിഇഎഡ് പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ശ്രമിച്ചത്.

പരീക്ഷക്കിടെ കോപ്പിയടിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ ആദ്യ രണ്ട് തവണ അധ്യാപകന്‍ വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകന്‍ ഉത്തരക്കടലാസ് വാങ്ങിവെച്ച് വിദ്യാര്‍ത്ഥിയോട് പരീക്ഷ ഹാളില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.

പരീക്ഷ ഹാളില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി അധ്യാപകന്റെ കോളറില്‍ കടന്ന് പിടിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണി മുഴക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പരീക്ഷ തടസ്സപ്പെട്ടു. തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ പൊലീസിനെ വിളിച്ചത്. പൊലീസ് എത്തി വിദ്യാര്‍ത്ഥിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കി. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചതിനും ആത്മഹത്യ ശ്രമത്തിനും വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.

DONT MISS
Top