കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ

മല്ലികാര്‍ജുന ഖാര്‍ഗെ

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. നിലവില്‍ കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് പരിഗണിക്കും എന്നാണ് കരുതുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

സിദ്ധരാമയ്യയുടെ നേതൃത്ത്വത്തിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നത്. നിലവിലെ മുഖ്യമന്ത്രി അദ്ദേഹമായതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ സാധ്യത ഇല്ല. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി അദ്ദേഹം നിറവേറ്റുന്നുണ്ട്. അതിനാല്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പരിഗണിക്കില്ലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെയും സിദ്ധരാമയ്യ പ്രതികരിച്ചു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കാനാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുമെന്നും താന്‍ വീണ്ടും മുഖ്യമന്ത്രിയാകും എന്നുമുള്ള പ്രതീക്ഷയിലാണ് സിദ്ധരാമയ്യ. തന്റെ പ്രതീക്ഷ അദ്ദേഹം മാധ്യമങ്ങളുമായി പങ്കവെയ്ക്കുകയും ചെയ്തിരുന്നു. മൈസുരുവിലെ ചാമുണ്ഡേശ്വരിയിലും ബദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. ബദാമിയില്‍ ബി ശ്രീരാമലുവാണ് സിദ്ധരാമയ്യക്കെതിരായി ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.

DONT MISS
Top