കാസ്റ്റിംഗ് കൗച്ച് സിനിമയിൽ മാത്രമല്ല, പാർലമെന്റിലുമുണ്ടെന്ന് രേണുക ചൗധരി

രേണുക ചൗധരി

ദില്ലി: സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റ് കൗച്ച്  ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രേണുക ചൗധരി. സിനിമ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരത്തിലുള്ള സംഭവമുണ്ട്. എന്തിന് പാര്‍മെന്റ് പോലും ഇതില്‍ നിന്ന് മുക്തമല്ല – കോണ്‍ഗ്രസിന്റെ രാജ്യസഭാ മുന്‍  എംപിയായ രേണുക ചൗധരി പറഞ്ഞു. ഇതിനെതിരേ ‘മി ടു’ മുദ്രാവാക്യവുമായി ഉയർത്തെഴുന്നേൽക്കേണ്ട സമയമായെന്നും അവര്‍ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ച് എന്ന ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന കിടക്ക പങ്കിടലുമായി ബന്ധപ്പെട്ട് പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ്  പാര്‍ലമെന്റിലടക്കം അടക്കം എല്ലാ മേഖലയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് രേണുക ചൗധരി വ്യക്തമാക്കിയത്.

കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല, അത് പെണ്‍കുട്ടികൾക്ക് വരുമാനം നൽകലാണെന്നാണ് സരോജ് ഖാൻ പറഞ്ഞത്. തെലുങ്ക് സിനിമയിൽ കത്തിപ്പടർന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് സരോജ് ഖാന്‍റെ പ്രതികരണമുണ്ടായത്. 2000 ലധികം ഗാനങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ ഒരുക്കിയിട്ടുള്ള നൃത്തസംവിധായികയാണ് 69 വയസുകാരിയായ സരോജ് ഖാന്‍.

കാസ്റ്റിംഗ് കൗച്ച് കാലങ്ങളായി ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ടെന്നും വേണമെങ്കില്‍ നിങ്ങള്‍ക്ക് പുരുഷന്റെ കെണിയില്‍ നിന്ന് രക്ഷപെടാവുന്നതേയുള്ളുവെന്നുമായിരുന്നു സരോജ് ഖാന്റെ പ്രസ്താവന. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ എന്തിനാണ് സ്വയം വില്‍പ്പന ചരക്കാകുന്നതെന്നും സരോജ് ഖാന്‍ ചോദിച്ചു. സരോജ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനോട് പ്രതികരിച്ചാണ് രേണുകയുടെ പ്രസ്താവനയുമുണ്ടായത്.

യുപിഎ സര്‍ക്കാരില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു രേണുക ചൗധരി. തെലുഗ് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ രേണുക ചൗധരി പിന്നീട് കോണ്‍ഗ്രസിലെത്തുകയായിരുന്നു.

DONT MISS
Top