ഭീമ കൊറിഗാവ് കലാപം; സാക്ഷിയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

ഫയല്‍ചിത്രം

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കലാപത്തിന് സാക്ഷിയായ പൂജ സാകേത് എന്ന പെണ്‍കുട്ടിയുടെ മൃതശരീരമാണ് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തിയത്.

ജനുവരിയില്‍ ദലിതുകള്‍ക്ക് നേരെയുണ്ടായ കലാപത്തില്‍ പൂജയുടെ വീടും കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. സംഭവം സംബന്ധിച്ച് പൂജ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന്  രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കലാപകാരികള്‍ക്കെതിരെ മൊഴി നല്‍കിയതിനാല്‍ പെണ്‍കുട്ടിയ്ക്ക് നേരെ ഭീഷണിയും സമ്മര്‍ദവും ഉണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പൂജയ്ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണിയുള്ളതായി വീട്ടുകാര്‍ നേരത്തെ അറിയിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണെന്നുമാണ് പൊലീസ് പറയുന്നത്.

ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ അക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.  ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

1818 ല്‍ നടന്ന യുദ്ധത്തില്‍ ദലിതുകള്‍ ഉള്‍പ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സവര്‍ണവിഭാഗങ്ങള്‍ ഉള്‍പ്പെട്ട പേഷ്വാ സൈന്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഈ ദിനത്തെ വിജയ് ദിവസ് ആയിട്ടാണ് ദലിതുകള്‍ ആഘോഷിക്കുന്നത്.

DONT MISS
Top