മലയാളക്കരയുടെ പ്രേമം ഹിന്ദിയിലേക്കും; ജോര്‍ജായി പ്രണയിക്കുക അര്‍ജുന്‍ കപൂര്‍, മലര്‍ മിസിനെ തേടി ആരാധകരും

അല്‍ഫോണ്‍സ് പുത്രന്‍ യുവതാരം നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പ്രേമം കേരളത്തില്‍ ഒരു തരംഗമായിരുന്നു. ജോര്‍ജിന്റെ പ്രേമവും മലര്‍ മിസ്സും മേരിയും സെലിനുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്.

ബോകസോഫിസിലടക്കം സൂപ്പര്‍ഹിറ്റായി മാറിയതോടെ ചിത്രം റീമേക്ക് ചെയ്ത് തെലുങ്കിലും എത്തിയിരുന്നു. തെലുങ്കില്‍ ജോര്‍ജായി വേഷമിട്ടത് നാഗചൈതന്യയായിരുന്നു. മലര്‍ എന്ന കഥാപാത്രത്തെ ശ്രുതി ഹാസന്‍ അവതരിപ്പിച്ചപ്പോള്‍ അനുപമയും മഡോണയും മലയാളത്തില്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളെ തന്നെ തെലുങ്കിലും അവതരിപ്പിച്ചു.

ഇപ്പോഴിതാ ചിത്രം ഹിന്ദിയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിയില്‍ ജോര്‍ജാവുന്നത് യുവതാരം അര്‍ജുന്‍ കപൂറാണ്. എന്നാല്‍ ചിത്രത്തിലെ മൂന്ന് നായികമാരെ തീരുമാനിച്ചിട്ടില്ല. സാറാ അലി ഖാന്‍ ചിത്രം കേദാര്‍നാഥിന്റെ സംവിധായകന്‍ അഭിഷേക് കപൂറാണ് പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

അര്‍ജുന്‍ ഉടന്‍ തന്നെ പ്രേമം ഹിന്ദി റീമേക്കിന്റെ ഭാഗമാകുമെന്നും അഭിഷേക് കപൂര്‍ കേദാര്‍നാഥിന്റെ ചിത്രീകരണത്തിനിടയില്‍ പ്രേമത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പരിനീതി ചോപ്രയ്‌ക്കൊപ്പം നമസ്‌തേ ഇംഗ്ലണ്ടിലാണ് അഭിഷേക് കപൂര്‍ അഭിനയിക്കുന്നത്. ചിത്രം ഉടനെ തന്നെ തിയേറ്ററുകളിലെത്തും. സജ്ഞയ് ദത്തിനൊപ്പം പാനിപ്പത്ത് എന്ന ചിത്രത്തിലും അര്‍ജുന്‍ അഭിനയിക്കുന്നുണ്ട്.

DONT MISS
Top