ആര്‍എസ്എസ് തൊടുത്ത് വിട്ടതും ഇസ്‌ലാമിസ്റ്റുകള്‍ ചുമലില്‍ ഏറ്റിയതുമായ ഈ ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് ഇതേവരെ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്: പി ജയരാജന്‍

പി ജയരാജന്‍

കൊച്ചി: ആര്‍എസ്എസ് തൊടുത്ത് വിട്ടതും ഇസ്‌ലാമിസ്റ്റുകള്‍ ചുമലില്‍ ഏറ്റിയതുമായ അക്രമ ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് ഇതേവരെ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി ജയരാജന്‍. വര്‍ഗ്ഗീയതയോടുള്ള കോണ്‍ഗ്രസ്സിന്റെ മൃദുത്വ നിലപാടാണ് ഇവിടെയും കാണാനാവുന്നതെന്ന് പറഞ്ഞ ജയരാജന്‍, ഇത് മതനിരപേക്ഷ വാദികളാകെ തിരിച്ചറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു ജയരാജന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഏപ്രില്‍ 16 ന്റെ അക്രമ ഹര്‍ത്താലിനെതിരെ നേരത്തെ സിപിഐഎം അതിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനെതിരെ ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മറുപടിയുമായി രംഗത്തെത്തി. ഇതിനിടയിലാണ് അക്രമ ഹര്‍ത്താലിന്റെ പ്രഭവസ്ഥാനം ആര്‍എസ്എസ് ആണെന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ആസൂത്രകര്‍ക്കെതിരെയും പോസ്‌കോ നിയമപ്രകാരം കേസെടുത്തത്തോട് കൂടി ഇസ്ലാമിസ്റ്റുകള്‍ വെട്ടിലായി. അവര്‍ക്ക് മറുപടിയേതുമില്ല.

ആര്‍എസ്എസിന്റെ കെണിയിലാണ് തങ്ങള്‍ വീണുപോയത് എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടാവണം. ഈ അക്രമ ഹര്‍ത്താല്‍ മതനിരപേക്ഷത നിലനില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സഹായിക്കുക എന്ന് ഏറ്റവുമൊടുവില്‍ എസ്‌കെഎസ്എസ്എഫ് എന്ന കേരളത്തിലെ പ്രബലമായ ഒരു മതസംഘടന കൂടി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇസ്‌ലാമിസ്റ്റ് നീക്കങ്ങളുടെ അപകടം തിരിച്ചറിഞ്ഞുകൊണ്ട് ഇസ്‌ലാം മതവിശ്വാസികള്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നുണ്ട് എന്നതാണ് ഇത് കാണിക്കുന്നത്. ഇത് സ്വാഗതാര്‍ഹമാണ്.

എസ്‌കെഎസ്എസ്എഫ് പ്രസ്താവനയില്‍ ‘വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ ജാഗ്രത പുലര്‍ത്തണം’ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് തൊടുത്ത് വിട്ടതും ഇസ്ലാമിസ്റ്റുകള്‍ ചുമലില്‍ ഏറ്റിയതുമായ ഈ ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് ഇതേവരെ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. വര്‍ഗ്ഗീയതയോടുള്ള കോണ്‍ഗ്രസ്സിന്റെ മൃദുത്വ നിലപാടാണ് ഇവിടെയും കാണാനാവുന്നത്. ഇത് മതനിരപേക്ഷ വാദികളാകെ തിരിച്ചറിയേണ്ടതുണ്ട്, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top