ഇന്ത്യ കത്തിയെരിഞ്ഞാലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടാലും മോദിക്ക് വീണ്ടും പ്രധാനമന്ത്രി ആവുകയാണ് പ്രധാനം: രാഹുല്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ കത്തിയെരിഞ്ഞേക്കാം, പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടേക്കാം, ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിലൊന്നും വിഷയമല്ല. അദ്ദേഹത്തിന് വീണ്ടും പ്രധാനമന്ത്രിയാവുക എന്നതില്‍ മാത്രമാണ് താത്പര്യം. രാഹുല്‍ വിമര്‍ശിച്ചു.

ഭരണഘടനയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആരംഭിച്ച പ്രചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മോദി വിമര്‍ശനം. മോദി സര്‍ക്കാരിന് കീഴില്‍ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അത് അനുവദിച്ച് നല്‍കില്ലെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനമായ സുപ്രിം കോടതിയെ ചവിട്ടിയരയ്ക്കുകയും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നീരവ് മോദി നടത്തിയ അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ തനിക്ക് 15 മിനിട്ട് തന്നിരുന്നെങ്കില്‍ മോദി ഓടി ഒളിക്കുമായിരുന്നു.

രാജ്യത്തെ സ്ഥാപനങ്ങളില്‍ മുഴുവന്‍ ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ തിരുകിക്കയറ്റുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത മോദി അടുത്തതവണ വോട്ടിനായി പുതിയ വാഗ്ദാനങ്ങളുമായി ജനങ്ങളുടെ മുന്നിലെത്തുമെന്ന് രാഹുല്‍ പരിഹസിച്ചു.

മോദിയുടെ ബേട്ടി ബച്ചാവോ, ബേട്ട് പഠാവോ (പെണ്‍മക്കളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യത്തെ രാഹുല്‍ കളിയാക്കി. മുദ്രാവാക്യം ഇപ്പോള്‍ പെണ്‍കുട്ടികളെ ബിജെപിയില്‍ നിന്നും അവരുടെ നേതാക്കളില്‍ നിന്നും രക്ഷിക്കു എന്നായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശം.

രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്ന് രാഹുല്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളുടെ മന്‍ കീ ബാത്ത് നടത്തുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top