മൂന്ന് മോദിമാരും ഇന്ത്യയെ കൊള്ളയടിച്ചു; വിമര്‍ശനവുമായി യെച്ചൂരി

സീതാറാം യെച്ചൂരി

ഹൈദരാബാദ്: മൂന്ന് മോദിമാരും ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദി, നീരവ് മോദി, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി എന്നിവര്‍ രാജ്യത്തെ കൊള്ളിയടിച്ചെന്നായിരുന്നു ജനറല്‍ സെക്രട്ടറിയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യെച്ചൂരിയുടെ വിമര്‍ശനം.

‘ഇന്ത്യയില്‍ കുറെ മോദിമാരുണ്ട്, അവരില്‍ പൊതുവായി കാണുന്ന പ്രത്യേകത രാജ്യത്തെ കൊള്ളയടിക്കുക എന്നതാണ്, ഇക്കാര്യം ജനങ്ങള്‍ക്കറിയില്ല. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ രാജ്യത്ത് കൊള്ള വ്യാപകമാണ്. പാവപ്പെട്ട കര്‍ഷകരുടെ വായ്പ എഴുതിതള്ളുമെന്ന് പറഞ്ഞ മോദി വ്യവസായ പ്രമുഖരുടെ മൂന്ന് ലക്ഷം കോടി രൂപയാണ് എഴുതിതള്ളിയത്,’ യെച്ചൂരി പറഞ്ഞു.

‘ബാങ്കുകളില്‍ നിക്ഷേപിച്ച ജനങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും രക്ഷപ്പെട്ടവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല,’ യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന ദിനത്തില്‍ പൊതുറാലി അഭിസംബോധന ചെയ്ത് സംസാരിക്കുുകയായിരുന്നു യെച്ചൂരി.

മഹാഭാരതത്തിലെ ദുര്യോധനനും, ദുശ്ശാസനനുമാണ് നരേന്ദ്ര മോദിയും, അമിത് ഷായുമെന്നും യെച്ചൂരി ആരോപിച്ചു. ‘മഹാഭാരതത്തില്‍ 100 കൗരവ സഹോദരരുണ്ടായിട്ടും ജനങ്ങള്‍ക്കറിയുന്നത് ദുര്യോധനനെയും ദുശ്ശാസനനെയുമാണ് അതുപോലെ തന്നെയാണ് ബിജെപിയില്‍ മോദിയും അമിത് ഷായും’.

കുട്ടികള്‍ക്ക് നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ബിജെപി-ആര്‍എസ്എസ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം അവരെ രക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്, ബിജെപി-ആര്‍എസ്എസ് സഖ്യത്തെ പരാജയപ്പെടുത്തി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനാണ് സിപിഐഎം പോരാടുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top