തലയ്ക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍

വിജേന്ദ്ര ത്യാഗി

ദില്ലി: ദില്ലിയില്‍ തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ദില്ലിയിലെ സുശ്രുത ട്രോമാ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍ക്കാണ് അബ്ദം പറ്റിയത്.

വിജേദ്ര ത്യാഗിയെ പ്രവേശിപ്പിച്ച വാര്‍ഡില്‍ തന്നെ കാലിന് അസുഖമുള്ള ഒരു രോഗിയേയും പ്രവേശിപ്പിച്ചിരുന്നു. അയാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഡോക്ടര്‍ ത്യാഗിക്ക് കാലിന് ശസ്ത്രക്രിയ ചെയ്തത്. കാലിന് ചെറിയൊരു ദ്വാരം ഇട്ട് അതില്‍ ഒരു പിന്ന് ഘടിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്ത്.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് മയക്കിയതിനാല്‍ എവിടെയാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ മനസിലാക്കാന്‍ ത്യാഗിക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം ത്യാഗിയുടെ മകനാണ് ഓപ്പറേഷന്‍ മാറിയ വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.

ആളുമാറിയത് മനസിലായ ഉടന്‍ തന്നെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കാലില്‍ കയറ്റിയ പിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ട്രോമാ സെന്റര്‍ അന്വേഷണം നടത്തിവരികയാണ്. കുറ്റാരോപിതനായ ഡോക്ടറെ ശസ്ത്രക്രിയ ചെയ്യുന്നത് വിലക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

DONT MISS
Top