ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മറൈന്‍ ഡ്രൈവില്‍ ഉപവാസം നടത്തുന്നതിനിടെയാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. 24 മണിക്കൂര്‍ ഉപവാസസമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

കേസ് സിബിഐ അന്വേഷിച്ചാല്‍ കൈപൊള്ളും എന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ അതിന് തയ്യാറാകാത്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീജിത്തിന്റെ മരണത്തില്‍ ആലുവ റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് കൊടുക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് കുറ്റബോധം കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദയും സഹോദരന്‍ സജിതും ഉപവാസ വേദിയില്‍ എത്തിയിരുന്നു. ആര്യനന്ദയ്ക്ക് പഠനത്തിനായുള്ള കെവി തോമസ് വിദ്യധനം ട്രസ്റ്റിന്റെ ധനസഹായം ഉമ്മന്‍ ചാണ്ടി ആര്യനന്ദയ്ക്ക് കൈമാറി.

DONT MISS
Top