സിദ്ധരാമയ്യയ്‌ക്കെതിരെ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ ബദാമി മണ്ഡലത്തില്‍ നിന്ന് സിദ്ധരമായ്യയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. മെയ് 12 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

മൈസുരുവിലെ ചാമുണ്ഡേശ്വരിക്ക് പുറമെയാണ് ബദാമിയിലും സിദ്ധരാമയ്യ മത്സരത്തിനിറങ്ങുന്നത്. ഇത് പരാജയ ഭീതി മൂലമാണെന്ന് ഇതിനോടകം ബിജെപി ആരോപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ നേരിടാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്.

“ബദാമിയില്‍ ഞാനാണോ അതോ മറ്റാരെങ്കിലുമാണോ മത്സരിക്കേണ്ടതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിക്കും. എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അതിന് തയ്യാറാണ്. അല്ല മറ്റാരെങ്കിലും മത്സരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നതെങ്കില്‍ അവര്‍ രംഗത്തിറങ്ങും. എന്തായാലും സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ പ്രാപ്തനായ ഒരാളെയാകും അവിടെ ബിജെപി രംഗത്തിറക്കുക”. യെദ്യൂരപ്പ ചിക്കമംഗളുരുവില്‍ പറഞ്ഞു.

നിലവില്‍ ബദാമിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പറഞ്ഞുകേള്‍ക്കുന്ന പേര് എംപി ബി ശ്രീരാമലുവിന്റേതാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ശ്രീരാമലു പറഞ്ഞു. എവിടെ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാലും അത് അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറുവ വിഭാഗത്തില്‍പ്പെട്ട സിദ്ധരാമയ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ബദാമിയില്‍ വിജയം സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ ബിജെപിയും ജനതാദള്‍ (എസ്) ഉം സിദ്ധരാമയ്യയെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടിയിരിക്കുന്നത്. ചാമുണ്ഡേശ്വരിയില്‍ നിന്ന് അഞ്ച് തവണ വിജയിച്ച സിദ്ധരാമയ്യ രണ്ട് തവണ പരാജയപ്പെട്ടിട്ടുമുണ്ട്.

DONT MISS
Top