സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ കൊല്ലം നഗരമൊരുങ്ങി

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ കൊല്ലം നഗരമൊരുങ്ങി. ഈ മാസം 25 മുതല്‍ 29 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്. 2002 ല്‍ തിരുവനന്തപുരത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്തേക്കെത്തുമ്പോള്‍ അത് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടി സംസ്ഥാനഘടകം.

കേരളത്തില്‍ സിപിഐക്ക് ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് കൊല്ലം. 25 ന് വൈകുന്നേരം 5 മണിക്ക് സമ്മേളനത്തിന് പതാക ഉയരും. 26 ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 850 പ്രതിനിധികളാണ് പങ്കെടുക്കുക. ഉദ്ഘാടന സമ്മേളനത്തിലും സെമിനാറുകളിലും ഇടത് മതേതര കക്ഷികളുടെ ദേശീയ നേതാക്കളും പങ്കെടുക്കും.

സമ്മേളനത്തിന്റെ സമാപനദിവസം ഒരു ലക്ഷം അംഗങ്ങള്‍ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡ് സംഘടിപ്പിക്കും. സമ്മേളനപ്രതിനിധികള്‍ക്ക് ഭക്ഷണത്തിന് വേണ്ട അരിയും പച്ചക്കറിയുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് കൃഷി ചെയ്തുണ്ടാക്കിയത്. ബിജെപിക്കെതിരെ ഇടത് മതേരതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സിപിഐയുടെ നിലപാട് ചര്‍ച്ചയാകുന്ന സമയത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ രാഷ്ട്രീയകേന്ദ്രങ്ങളും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

DONT MISS
Top