യെച്ചൂരിക്കും പിബിക്കും മുന്നിലുള്ള പ്രധാനവെല്ലുവിളി കേന്ദനേതൃത്വത്തിലെ വിഭാഗീയത

ഹൈദരാബാദ്: കേന്ദ്രനേതൃത്വത്തിലെ വിഭാഗീയതയാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സിതാറാം യെച്ചൂരിക്കും പുതിയ പൊളിറ്റ് ബ്യൂറോയ്ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ഇപ്പോഴും പാര്‍ട്ടി കേന്ദ്രനേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം ഉണ്ടാകുമോയെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ പറയാന്‍ കഴിയൂ എന്നാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം യെച്ചൂരി വ്യക്തമാക്കിയത്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിതാറാം യെച്ചൂരിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷവും പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും യെച്ചൂരിയുടെ മൗനാനുവാദത്തോടെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ സഹകരിച്ച് മത്സരിച്ചു. ഇത് പാര്‍ട്ടിയിലെ കേന്ദ്ര നേതൃത്വത്തില്‍ വലിയ ഭിന്നിപ്പിന് വഴിവച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ ഈ ഭിന്നത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ 12 തവണയാണ് ഐക്യം എന്ന പദം യെച്ചൂരി ഉപയോഗിച്ചത്.

എന്നാല്‍ തന്റെ നിലപാടുകളില്‍ ഒരു മാറ്റവും ഇല്ലെന്ന സൂചനയും യെച്ചൂരി നല്‍കി. 2016 മാതൃകയില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം സാധ്യമല്ലെന്ന് ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് യെച്ചൂരി വൃന്ദയെ തിരുത്തി. രാഷ്ട്രീയ പ്രമേയത്തിലെ വാചകങ്ങള്‍ വ്യക്തമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം ഉണ്ടാകുമോയെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ പറയാന്‍ കഴിയൂ എന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. അതായത് കോണ്‍ഗ്രസ് സഹകരണം പൂര്‍ണമായും തള്ളിക്കളയാന്‍ യെച്ചൂരി തയ്യാറായില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച പിന്തുണയേക്കാള്‍ വലുതായി പാര്‍ട്ടിയില്‍ ഒന്നും ഇല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കേന്ദ്രനേതാക്കളുടെ നിലപാടുകളിലുള്ള ഈ വൈരുധ്യം സിപിഐഎമ്മില്‍ എന്ത് ചലനമുണ്ടാക്കും എന്നതാണ് ഇനി ശ്രദ്ധേയമാവുക.

DONT MISS
Top