പാര്‍ട്ടി നല്‍കിയ അംഗീകാരം വലുതെന്ന് കെ രാധാകൃഷ്ണന്‍, ബിജെപിയെ എതിര്‍ക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍

സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് രണ്ടു പുതുമുഖങ്ങള്‍. ദളിത് ശോഷന്‍ മുക്തി മോര്‍ച്ചാ മഞ്ച് അഖിലേന്ത്യാ ഭാരവാഹി കെ രാധാകൃഷ്ണന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരാണ് പുതുതായി സിസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെ രാധാകൃഷ്ണന്‍ കേന്ദ്രക്കമ്മിറ്റിയംഗമായതോടെ തൃശൂരില്‍ പുതിയ ജില്ലാസെക്രട്ടറിയെ കണ്ടെത്തേണ്ടി വരും. ഭിന്നാഭിപ്രായങ്ങളെല്ലാം പാര്‍ട്ടികോണ്‍ഗ്രസില്‍ അവസാനിച്ചുവെന്നും പാര്‍ട്ടി നല്‍കിയ അംഗീകാരം ഉചിതമായി വിനിയോഗിക്കുമെന്നും ഇരുവരും പ്രതികരിച്ചു.

ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടികോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നും പാര്‍ട്ടിയുടെ പരമോന്നത സമിതിയിലേക്ക് ആരൊക്കെ കടന്നു വരും എന്നത് ആദ്യം മുതല്‍ ആകാംഷയുണ്ടാക്കിയ ചോദ്യമായിരുന്നു. എകെ ബാലന്‍, എ വിജയരാഘവന്‍ എന്നിവരിലാരെങ്കിലും പിബിയില്‍ എത്തുമെന്നതായിരുന്നു ആദ്യം മുതല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിബിയില്‍ കേരളത്തിന് പുതിയ പങ്കാളിത്തമുണ്ടായില്ല. കേന്ദ്രകമ്മിറ്റിയില്‍ എംവി ഗോവിന്ദന്‍മാസ്റ്ററും തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും എത്തുമെന്നത് ഏതാണ്ടുറപ്പായിരുന്നു.

പാര്‍ട്ടി നല്‍കിയ അംഗീകാരം വലുതാണെന്നും ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമലക്ഷ്യമെന്നും എന്നാല്‍ അതിന് വേണ്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഭിന്നതകളെല്ലാം പാര്‍ട്ടികോണ്‍ഗ്രസിലൂടെ അവസാനിച്ചുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

മുന്‍കാലങ്ങളിലേതു പോലെ കേന്ദ്രനേതൃനിരയില്‍ കേരളത്തിന്റെ അപ്രമാദിത്വം ഇത്തവണയുണ്ടായിട്ടില്ല. സീതാറാം യച്ചൂരി പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ തുടങ്ങിയതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

DONT MISS
Top