ഇന്ത്യ വിശാലമായ രാജ്യം; ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

സന്തോഷ് ഗാംഗ്വാര്‍

ദില്ലി:  ഒന്നോ രണ്ടോ ബലാത്സംഗക്കേസുകളൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് ഇത് കാര്യമാക്കേണ്ടതരത്തില്‍ പ്രാധാന്യമുള്ളതല്ലെന്നും കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.ബിജെപി നേതാവും തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായ സന്തോഷ് ഗാംഗ്വാറാണ് ബലാത്സംഗത്തെ ന്യായീകരിക്കുന്ന തരത്തില്‍ പ്രസ്തവാന നടത്തിയത്.

ഇത്തരം ബലാത്സംഗങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ ഇവ തടയുക സാധ്യവുമല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുകയാണ്. ബലാത്സംഗക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണെന്ന് പറഞ്ഞ മന്ത്രി ഇന്ത്യയെ പോലെ വലിയ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങള്‍ വലിയ കാര്യമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലെന്നാണ് വ്യക്തമാക്കിയത്.

കത്വ, ഉന്നാവോ അടക്കം രാജ്യത്ത് നിന്ന് തുടര്‍ച്ചയായി ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചാണ് മന്ത്രി ഗാംഗ്വാര്‍ വിവാദപ്രസ്താവന നടത്തിയത്.

12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്ര മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കുകയായിരുന്നു.

DONT MISS
Top