വായ്പ്പാത്തട്ടിപ്പ്: ഒളിവിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഫാദര്‍ തോമസ് പീലിയാനിക്കല്‍

ഫാദര്‍ തോമസ് പീലിയാനിക്കല്‍

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഒളിവിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഫാദര്‍ തോമസ് പീലിയാനിക്കല്‍. ശാരീരിക അവശതകള്‍ കാരണമാണ് കുട്ടനാട് വികസന സമിതി ഓഫീസില്‍ എത്താന്‍ കഴിയാത്തത്. ഓഫീസ് അടച്ചു പൂട്ടിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഒളിവില്‍പ്പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ലെന്നും ഫാദര്‍ തോമസ് പീലിയാനിക്കല്‍ സ്വയം ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു. നബാര്‍ഡിന്റെയും ബാങ്കുകളുടെയും നിര്‍ദേശപ്രകാരം ഗ്രൂപ്പുകള്‍ രൂപീകരിച്ച് കഴിയുമ്പോള്‍ ആ ഗ്രൂപ്പുകള്‍ ലോണിന് യോഗ്യതയുള്ളവയാണെങ്കില്‍ ശുപാര്‍ശ ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തത്. അതാണ് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ്. പീലിയാനിക്കല്‍ വ്യക്തമാക്കി.

കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ വായ്പയ്ക്ക് ശുപാര്‍ശ ചെയ്യുകമാത്രമാണ് താന്‍ ചെയ്തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് തന്റെ സുരക്ഷയ്ക്കായാണെന്നും പീലിയാനിക്കല്‍ പറഞ്ഞു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു കിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവിലെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഒളിവിലല്ലെന്ന് വ്യക്തമാക്കി പീലിയാനിക്കല്‍ രംഗത്തെത്തിയിരിക്കുന്നത്. ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പീലിയാനിക്കലിന്റെ വാഹനം അന്വേഷ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

DONT MISS
Top