മൃഗങ്ങള്‍ക്കു പകരം മനുഷ്യരില്‍ മരുന്ന് പരീക്ഷണം; രാജസ്ഥാനില്‍ 21 പേര്‍ ആശുപത്രിയില്‍

പരീക്ഷണത്തിന് വിധേയരായവര്‍ ആശുപത്രിയില്‍

ജയ്പൂര്‍: മൃഗങ്ങള്‍ക്കു പകരം മനുഷ്യരില്‍ മരുന്ന് പരീക്ഷിച്ചതിനെ തുടര്‍ന്ന് 21 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലാണ് സംഭവം നടന്നത്. വിദേശ മരുന്നു കമ്പനി നിരക്ഷരരായ ആളുകള്‍ക്ക് ദിവസവും 500 രൂപ നല്‍കിയാണ് മരുന്ന് പരീക്ഷണം നടത്തിയത്.

മരുന്ന് പരീക്ഷണത്തെ തുടര്‍ന്ന് 21 പേരുടെ നിലഗുരുതരമാവുകയും ഇവരെ ജയ്പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ചാരു ജില്ലയിലെ ജനങ്ങളെയാണ് കമ്പനി അനധികൃതമായി മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയത്.

ഏപ്രില്‍ 18 മുതലാണ് മരുന്ന് പരീക്ഷണം ആരംഭിച്ചത്. മരുന്ന് നല്‍കിയതിനുശേഷം തങ്ങള്‍ ബോധരഹിതരായതായി പരീക്ഷണത്തിന് വിധേയരായവര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്കെതിരെ ഇരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്.

വിഷയത്തെ ഗൗരവമായി കാണുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും എന്നും രാജസ്ഥാനിലെ ആരോഗ്യമന്ത്രി കാളി ചരണ്‍ സറഫ് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മരുന്ന് കമ്പനി ജനങ്ങളില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

DONT MISS
Top