ഭാര്യയ്ക്ക് മറ്റൊരു പ്രണയമെന്ന് സംശയം; പതിനേഴ്കാരനായ ഭര്‍ത്താവ് രണ്ട്മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ദില്ലി: ഭാര്യയെ സംശയമുള്ള പതിനേഴ്കാരനായ ഭര്‍ത്താവ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ഭാര്യയ്ക്ക് തന്നെക്കൂടാതെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം ബലപ്പെട്ടതോടെ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയ്ക്കും പതിനേഴ് വയസ്സാണ് പ്രായം.

ദില്ലി മരഗോള്‍പുരിയിലാണ് സംഭവം. ഇവിടെ ശൈശവ വിവാഹങ്ങള്‍ പതിവാണ്. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞ് ജനിക്കുകയും ചെയ്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് പതിനേഴ്കാരന് നേരത്തെ മുതല്‍ സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എപ്പോഴും ബഹളമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ രണ്ടുപേര്‍ക്കും ജോലിയുണ്ടായിരുന്നില്ല. ഇതിനിടയില്‍ കുഞ്ഞുണ്ടായതോടെ ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം.

ഭാര്യയോടുള്ള വാശിക്കായിരുന്നു പതിനേഴ്കാരന്‍ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു. ഭാര്യ ഒരു ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പുറത്തുപോയ സമയത്താണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നിലത്തെറിഞ്ഞാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ എല്ലുകള്‍ മുഴുവന്‍ നുറുങ്ങിയ നിലയിലായിരുന്നു.

ക്രൂരമായ കൊലപാതകത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍ ശൈശവ വിവാഹമടക്കം ഉള്‍പ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കാനാകുമോയെന്ന് പരിശോധിച്ചു വരികയാണ്. ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ലഭിക്കുന്നതിന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.

DONT MISS
Top