സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്: പിബി അംഗങ്ങളുടെ കാര്യത്തിലും തര്‍ക്കം; പുതുമുഖങ്ങളെ കൊണ്ടുവന്ന് ശക്തനാകാന്‍ യെച്ചൂരി

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മറ്റ് പിബി അംഗങ്ങള്‍ക്കൊപ്പം

ഹൈദ്രാബാദ്: സിപിഐഎം 22 -ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസവും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം തുടരുന്നു. നേരത്തെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചായിരുന്നു തര്‍ക്കമെങ്കില്‍ പുതിയ പോളിറ്റ്് ബ്യൂറോ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ് അവസാന ദിവസത്തെ തര്‍ക്കം.

പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളെ തീരുമാനിക്കാന്‍ രാവിലെ സ്റ്റിയറിംഗ് കമ്മിറ്റി (പിബി) ചേര്‍ന്നെങ്കിലും ഒഴിവാക്കേണ്ടവരുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നുവെന്നാണ് വിവരം. പ്രായപരിധി കഴിഞ്ഞതിനാല്‍ സ്ഥാനമൊഴിയാന്‍ നേരത്തെ തന്നെ എസ് രാമചന്ദ്രന്‍ പിള്ള താല്‍പര്യം അറിയിച്ചിരുന്നു. രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പം സിഐടിയു മുന്‍ ദേശീയ അധ്യക്ഷന്‍ എകെ പത്മനാഭനും മാറുമെന്നും ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ വരുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. സിഐടിയു പ്രതിനിധിയെന്ന നിലയിലാണ് പത്മനാഭനെ പൊളിറ്റ് ബ്യൂറോയില്‍ അംഗമാക്കിയത്. എന്നാല്‍ പത്മനാഭന്‍ ഇപ്പോള്‍ സിഐടിയു നേതൃത്വത്തില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി സിഐടിയു നേതാക്കളെ കൊണ്ടുവരണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ട് പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന എസ്ആര്‍പി പാര്‍ട്ടിക്ക് താല്‍പര്യമെങ്കില്‍ പിബി സ്ഥാനമൊഴിയാമെന്നാണ് ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എസ്ആര്‍പി അടക്കമുള്ളവരെ മാറ്റിയാല്‍ ഗ്രൂപ്പ് ബലാബലത്തില്‍ ശക്തി ക്ഷയിക്കുമെന്ന സാഹചര്യത്തെ തുടര്‍ന്ന് കാരാട്ട് പക്ഷം എസ്ആര്‍പിയെ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വേണെമെങ്കില്‍ തുടരാമെന്ന നിലപാട് എസ്ആര്‍പി സ്വീകരിച്ചത്. എസ്ആര്‍പിയെയും പത്മാനഭനെയും പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള  ജി രാമകൃഷ്ണനെയും തുടരാന്‍ അനുവദിക്കണമെന്നാണ് കാരാട്ട് പക്ഷം നിലപാട് സ്വീകരിച്ചത്.

എന്നാല്‍ പുതുമുഖങ്ങള്‍ പിബിയില്‍ വരട്ടെയെന്നും പ്രായപരിധി കഴിഞ്ഞവര്‍ മാറണമെന്നുമാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. എസ്ആര്‍പി, പത്മനാഭന്‍, രാമകൃഷ്ണന്‍ എന്നിവരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരണമെന്ന നിര്‍ദേശം ബംഗാള്‍ ഘടകമാണ് മുന്നോട്ടുവച്ചത്. യെച്ചൂരി ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.

അതേസമയം, വിഷത്തില്‍ സമവായമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി പുതിയ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിര്‍ദേശംവരെ യെച്ചൂരി മുന്നോട്ടുവച്ചെന്നാണ് വിവരം.

അതേസമയം, യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തണമോയെന്ന കാര്യത്തിലും തര്‍ക്കമുണ്ടായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും വോട്ടെടുപ്പ് നടത്താമെന്ന നിര്‍ദേശം യെച്ചൂരി മുന്നോട്ടുവച്ചെന്നും സൂചനയുണ്ട്.

DONT MISS
Top