“കുഞ്ഞിനെ കൊല്ലാന്‍ ലിംഗം ആയുധമാക്കിയവരെ കുറിച്ചാണ് ഞാന്‍ വരച്ചത്”, ദുര്‍ഗാ മാലതി മനസുതുറക്കുന്നു

ദുര്‍ഗാ മാലതി

‘എന്താണ് വരച്ചതെന്ന് വീണ്ടും വീണ്ടും പറയേണ്ടിവരുന്ന ഗതികേടിലാണ് ഞാന്‍’ ഇതൊരു ചിത്രകാരിയുടെ വാക്കുകളാണ്. കേള്‍ക്കേണ്ടിവന്നത് അങ്ങ് ഉത്തരേന്ത്യയിലോ മറ്റോ അല്ല. വിദ്യാസമ്പന്നരെന്നും പ്രബുദ്ധരെന്നും സ്വയം അവകാശപ്പെടുന്ന കേരളത്തിലാണെന്ന് മാത്രം. ചെയ്ത കുറ്റം ജമ്മുകശ്മീരിലെ നിഷ്ഠൂരമായ ഒരു കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന എട്ട് വയസ്സുകാരിയ്ക്ക് വേണ്ടി ശബ്ദിച്ചെന്നതാണ്. ലിംഗം കൊണ്ട് ചിന്തിക്കുന്ന മനുഷ്യരെക്കുറിച്ച് ചിത്രം വരച്ചതിന് സൈബര്‍ ആക്രമണങ്ങളും ഭീഷണികളും വരെ നേരിട്ട ദുര്‍ഗാ മാലതി റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നു.

രാഷ്ട്രീയത്തെ വിമര്‍ശിച്ചതാണ് എതിര്‍പ്പുകള്‍ക്ക് കാരണം, 

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആദ്യമായിട്ടാണ് നേരിടേണ്ടിവരുന്നത്. ഇതിന് മുന്‍പ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സമയത്ത് വരച്ച് ചിത്രങ്ങള്‍ക്ക് നേരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് അവരുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ചതുകൊണ്ടാണ്. അല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ല. പക്ഷെ അതില്‍ മതം കലര്‍ത്തി ദുഷ്പ്രചരണം നടത്താന്‍ ശ്രമിക്കുകയാണ് ചിലര്‍.

നേരിടേണ്ടിവന്നത് വെര്‍ബല്‍ റേപ്പ്,

സമൂഹത്തിലുണ്ടാകുന്ന പല വിഷയങ്ങളിലും പണ്ടത്തെക്കാളേറെ ആളുകള്‍ ഇന്ന് പ്രതികരിക്കാന്‍ തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ വീട്ടിലും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം എന്ന ഭയം ഇന്ന് ഓരോരുത്തരിലുമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ വിഷയങ്ങളില്‍ വ്യാപകമായി ഇടപ്പെട്ടുതുടങ്ങി. അത് പോസിറ്റവായ കാര്യമാണ്. എന്നെ സംബന്ധിച്ച് എനിക്ക് നേരിടേണ്ടിവന്നത് വെര്‍ബല്‍ റേപ്പാണ്. ഒരു ചിത്രം വരച്ചെന്നതിന്റെ പേരിലാണ് ഇതെല്ലാം നേരിടേണ്ടിവന്നത്. ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാനാണ് നടപടികളുണ്ടാകേണ്ടത്. മാനദണ്ഡങ്ങളിലൂടെ പോയിട്ട് കാര്യമില്ല, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് ഇവയ്ക്കുള്ള പോം വഴി.

ഫെയ്സ്ബുക്കിലെ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ കൂലിതൊഴിലാളികള്‍, 

ഇന്നത്തെ കാലത്ത്  നല്ല രീതിയില്‍ ചിന്തിക്കുന്ന നല്ല രീതിയില്‍ പ്രതികരിക്കുന്ന ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ടെന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്റെ വിഷയത്തില്‍ തന്നെ വളരെ നല്ല രീതിയില്‍  പ്രതികരിച്ചവരുണ്ട്. അതേസമയം എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാതെ ഫെയ്‌സ്ബുക്കില്‍ വരുന്ന തെറികള്‍ മാത്രം കണ്ട് കാര്യങ്ങളെ വിലയിരുത്തിയവരുമുണ്ട്.

ഫെയ്‌സ്ബുക്കിലെ ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍ കൂലിതൊഴിലാളികളാണ്. ഒരു സ്ത്രീയെ ഇത്തരത്തില്‍ അധിക്ഷേപിക്കുമ്പോള്‍ അതില്‍ പ്രതികരിക്കാതിരിക്കുകയും അവള്‍ ലിംഗം വരച്ചെന്നും അവള്‍ക്കത് കിട്ടണം എന്ന് ചിന്തിക്കുന്നവരുമുണ്ട്. അതേസമയം ഇവരില്‍ ചില മതേതര വാദികള്‍ തങ്ങളുടെ മതേതര ബിംബം തകരുമെന്ന കാരണത്താല്‍ പിന്തുണ നല്‍കാന്‍ ഭയപ്പെടുന്നുമുണ്ട്. എങ്കിലും എന്റെ കാര്യത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നല്ലൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്.

തല്ലും കൊല്ലും വെട്ടും തുടങ്ങിയ ഭീഷണികള്‍,

തല്ലും കൊല്ലും വെട്ടും തുടങ്ങിയ കമന്റുകളോടുകൂടെയുളള സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവരുന്നത്. എന്റെ വാളിലും എന്റെ അമ്മയുടെ ഫെയ്‌സ്ബുക്ക് വാളിലും സുഹൃത്തുക്കളുടെ പ്രൊഫൈലിലും കയറിയുള്ള ആക്രമണം വരെ നടക്കുന്നുണ്ട്. തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നവരുടെ കൂടി ഇന്‍ബോക്‌സില്‍ കയറി തെറിവിളിക്കുന്നവരുമുണ്ട്.

പ്രതിഷേധങ്ങളോട് അസഹിഷ്ണരാകുന്ന സമൂഹം,

മത്സരങ്ങളേക്കാളുപരി ഇത്തരം വിഷയങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ടയാണുള്ളത്. എനിക്ക് നേരെ ഫെയ്‌സ്ബുക്കിലടക്കം പ്രതികരിക്കുന്നവര്‍ കൂലിതൊഴിലാളികളാണ്. ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നാണ് പല തെറിവിളികളും മറ്റും വരുന്നത്. എനിയ്ക്ക് നേരെയും എന്റെ വീടിന് നേരെയും വരെ ആക്രമണമുണ്ടായതും ഈ അസഹിഷ്ണുതയുടെ ഭാഗമായാണ്.

ദുര്‍ഗ വരച്ച ചിത്രം

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍,

ലിംഗം കൊണ്ട് ചിന്തിക്കുന്ന മനുഷ്യരെക്കുറിച്ചാണ് എന്റെ ചിത്രം. ഒരു പിഞ്ചുകുഞ്ഞിനെ ദൈവികമെന്ന് പറയുന്ന ക്ഷേത്രത്തില്‍വെച്ച് ക്രൂരമായ പീഡനത്തിനിരയാക്കുകയും പിന്നീട് കൊലചെയ്യുകയും ചെയ്തവരെയാണ് താന്‍ ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ എന്ന് വിളിച്ചത്. അവര്‍ക്ക് എന്ത് ദൈവവിശ്വാസമാണുള്ളത്? അവര്‍ക്ക് എന്ത് ദൈവഭയമാണുള്ളത്?

ഈ സംഭവത്തെ പിന്തുണച്ചുകൊണ്ട് ബിജെപി നേതാക്കള്‍ വരെ രംഗത്തെത്തി. അവരുടെ രാഷ്ട്രീയം എന്താണ്? സ്വന്തം രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്നവരുടെ അജണ്ട എന്താണ്? അത്തരക്കാര്‍ ലിംഗംകൊണ്ടാണ് ചിന്തിക്കുന്നത്. അതാണ് താന്‍ ഉദ്ദേശിച്ചത് അല്ലാതെ ശിവലിംഗത്തെ ആരാധിക്കുന്നവരുമായോ ശിവലിംഗമായോ ആ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

വരച്ചത് എന്താണെന്ന് പറയേണ്ടിവരുന്ന ചിത്രകാരി,

ഒരു പിഞ്ചുകുഞ്ഞിനെ ആരാധനാലയത്തില്‍വെച്ച് ക്രൂരമായ ബലാംത്സംഗത്തിനിരയാക്കി കൊല ചെയ്തപ്പോള്‍ ആ പീഡിപ്പിച്ചവരാണ് യഥാര്‍ത്ഥത്തില്‍ മതത്തെ അപമാനിച്ചത്. അന്ന് നിങ്ങള്‍ക്കൊന്നും വ്രണപ്പെട്ടില്ലെങ്കില്‍ പിന്നെ ഒരു ചിത്രം കാണുമ്പോള്‍ എന്താണ് വ്രണപ്പെടാനുള്ളത്? അങ്ങനെ വ്രണപ്പെടുന്ന ഒരു ചിന്താഗതി ഉള്ളിലുണ്ടെങ്കില്‍ അതാണ് നമ്മുടെ നാട്ടിലേക്ക് ഫാസിസത്തെ കൊണ്ടുവരുന്നത്.

ഞാനൊരു ഹിന്ദുമത വിശ്വാസിയാണ്. ഏത് ഹിന്ദുബിംബത്തെയാണ് ഞാന്‍ അപമാനിച്ചത്. ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുകയും അതിന് ശേഷം ദൈവത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ടയെയാണ് തുറന്നുകാട്ടേണ്ടത്. ഒരു കുഞ്ഞിനെ കൊല്ലാന്‍ ലിംഗം ആയുധമാക്കിയവരെ കുറിച്ചാണ് താന്‍ വരച്ചത്. അതേസമയം ഒരു സ്ത്രീ ലിംഗം വരച്ചത് ദഹിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം മതത്തില്‍പ്പെട്ടവര്‍ തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കാനുള്ള തിരിച്ചറിവാണ് വേണ്ടത്. അല്ലാതെ അത് തുറന്നുപറയുന്നവരെ നിശബ്ദരാക്കുകയല്ല.

അത് ശിവലിംഗവും ത്രിശൂലവുമല്ല, 

ബ്രാഹ്മണര്‍ താമസിക്കുന്ന സ്ഥലത്തുനിന്നും നാടോടികളായ മുസ്‌ലിം ജനതയെ ആട്ടിയോടിക്കാന്‍ വേണ്ടി ഒരു പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത ഏറെ വേദനിപ്പിക്കുന്നതാണ്. ആ ബ്രാഹ്മണ മേധാവിത്വം കാണിക്കുന്നതിന് വേണ്ടിയാണ് ലിംഗം കുറിതൊട്ടും പൂണോലിട്ടും വരച്ചത്. അവര്‍ ചിന്തിക്കുന്നത് ലിംഗം കൊണ്ടാണ് ദൈവത്തെ ഭയപ്പെടുന്നവരും ആരാധാനാലയങ്ങളെ ബഹുമാനിയ്ക്കുന്നവരും ഇത്തരത്തില്‍ ക്രൂരത ചെയ്യുമോ?

”ലിംഗം കൊണ്ട് ചിന്തിക്കുന്ന പ്രാര്‍ത്ഥിക്കുന്ന രാഷ്ട്രീയം പറയുന്നവരുടേതുകൂടിയാണ് ഭാരതം ഇങ്ങനെപോയാല്‍ അവര്‍ മാത്രമായിരിക്കും” ഇത് വ്യക്തമായി ഞാന്‍ ചിത്രത്തില്‍ പറഞ്ഞിരുന്നു . എന്നാല്‍ ആ അടിക്കുറിപ്പുകളൊന്നും എടുക്കാതെ ഇത് ശിവലിംഗത്തെ ആരാധിക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ശിവലിംഗമായോ ത്രിശൂലുമായോ അതിന് ഒരു ബന്ധവുമില്ല. ലിംഗം ആയുധമാക്കുന്നവരെക്കുറിച്ച് മാത്രമായിരുന്നു ആ ചിത്രങ്ങള്‍.

എന്നെ അസ്വസ്ഥമാക്കുന്നതാണ് ഞാന്‍ വരയ്ക്കുന്നത്, 

എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതെന്തോ അതാണ് ഞാന്‍ വരയ്ക്കുന്നത്. കാണാന്‍ സുഖമുള്ളത് മാത്രം കാണുകയെന്ന ചിന്തയില്ല. എന്നെ അസ്വസ്ഥമാക്കുന്ന വായനയുടെ ആരാധികയാണ് ഞാന്‍. സുഖം നല്‍കുന്ന എന്നതിലുപരി എന്നെ വേട്ടയാടുന്ന വിഷയങ്ങളാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ചിത്രം വരയ്ക്കുമ്പോഴും അത്തരത്തിലുള്ള വിഷയങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. ഒരു ചിത്രം കാണുമ്പോള്‍ ഒരാള്‍ക്ക് സന്തോഷത്തേക്കാളുപരി അതില്‍ ചിന്തിക്കാനെന്തെങ്കിലും ഘടകം വേണമെന്ന് കരുതുന്ന ആളാണ് താന്‍.

കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചിരിക്കണം,

തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ശക്തമായ പ്രതിരോധ സംവിധാനത്തിന്റെ ആവശ്യകതയുണ്ട്. നമുക്ക് നിയമങ്ങളുണ്ട്. എന്നാല്‍ അത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനാണ് നിയമ സംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം വിഷയങ്ങളുണ്ടാകുമ്പോഴാണ് ഇവിടെ ഉണ്ടാകുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും അര്‍ത്ഥവത്താകുന്നത്.

ഓരോ പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള ലൂപ്പ്‌ഹോളുകളെയാണ് തകര്‍ക്കുന്നത്. അതോടൊപ്പം തന്നെ സമൂഹത്തില്‍ വലിയ തോതില്‍ ഉയര്‍ന്നുവരുന്ന സൈബര്‍ ക്രൈമുകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരു പബ്ലിക്കായ സ്‌പെയിസില്‍ വന്ന് തെറിവിളിക്കുന്ന ഇത്തരക്കാര്‍ തന്നെയാണ് നാളെ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പോലും മടിയില്ലാത്തവരായി മാറുന്നത്.

DONT MISS
Top