അച്ഛന്റെയും അമ്മയുടേയും കല്യാണം ലൈവായി കണ്ട് രണ്ട് കുഞ്ഞു താരങ്ങള്‍; ഒടുവില്‍ മാലയിടാനൊരുങ്ങിയപ്പോള്‍ ബഹളമായി, ആദ്യം എനിക്കിട്ടിട്ട് അച്ഛനിട്ടാല്‍ മതിയെന്ന് മകന്‍; ഹൃദ്യമായൊരു കല്യാണ വീഡിയോ

വിവാഹവേദികള്‍ എപ്പോഴും സന്തോഷത്തിന്റെ ആര്‍പ്പുവിളികളാല്‍ മുഖരിതമായിരിക്കും. മനോഹരമായി അലങ്കരിച്ച വിവാഹ വേദിയില്‍ സുന്ദരനായ വരനും സുന്ദരിയായ വധുവും താലികെട്ടിനൊരുങ്ങുകയാണ്. പക്ഷേ കല്യാണ മണ്ഡപത്തില്‍ വധൂവരന്മാര്‍ തനിച്ചല്ല മറിച്ച് കൂടെ വേറൊരു സുന്ദരനും സുന്ദരിയുമുണ്ട്. പ്രത്യേകിച്ച് ദുരുദ്ദേശമൊന്നുമില്ല കല്യാണം ലൈവായി വളരെ അടുത്തുകാണുക എന്ന സദുദ്ദേശത്തോടെ രംഗങ്ങള്‍ സസൂക്ഷം വീക്ഷിക്കുന്ന ഒരു കുഞ്ഞു സുന്ദരനും സുന്ദരിയുമാണ് ചിത്രത്തിലെ ഹൈലൈറ്റ്. വേറാരുമല്ല വധൂവരന്മാരുടെ മക്കള്‍തന്നെ.

ഏതെങ്കിലും സിനിമയിലെ സീനല്ല, മറിച്ച് സോഷ്യല്‍മീഡിയയില്‍ തകര്‍പ്പന്‍ അഭിപ്രായങ്ങളുമായി വൈറലാകുന്ന ഒരു കല്യാണ വീഡിയോയിലെ രംഗങ്ങളാണ് വിവരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബൈജു-ദീപ ദമ്പതികളാണ് മക്കളെ മടിയിലിരുത്തി വീണ്ടും വിവാഹിതരായത്. അച്ഛനും മകളുമായുള്ള കുഞ്ഞുസംഭാഷണങ്ങളുമായി തുടങ്ങുന്ന വീഡിയോയിലെ ഓരോ മുഹൂര്‍ത്തവും ഒന്നിനൊന്ന് ഹൃദ്യമായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ തങ്ങള്‍ പ്രണയത്തിലായിരുന്നതിനാല്‍ എല്ലാവരെയും ആഘോഷമായി വിവാഹം നടത്താന്‍ കഴിഞ്ഞില്ല. പകരം രജിസ്റ്റര്‍ മാര്യേജ് നടത്തി പിന്നീട് യുഎസിലേക്ക് പോകുകയാണ് ചെയ്തത്. അവിടെ വെച്ചാണ് കുട്ടികളുണ്ടാകുന്നത്. യുഎസില്‍ വളര്‍ന്ന കുട്ടികള്‍ക്ക് തമിഴ് രീതികളോ വിവാഹാചാരങ്ങളോ അറിയില്ല. അതിനാല്‍ അവരെ എല്ലാം പരിചയപ്പെടുത്തണമെന്ന് തോന്നി. അവര്‍ക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അതിന് ഏറ്റവുമുചിതമാകുന്നത് തങ്ങളുടെ തന്നെ വിവാഹമാണെന്ന ചിന്തയില്‍ നിന്നാണ് മക്കളെ സാക്ഷി നിര്‍ത്തി വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ബൈജുവും ദീപയും പറയുന്നു.

ലിവിംഗ് ടുഗദറിനു ശേഷം പിന്നീട് വിവാഹിതരാകുന്നതും മാതാപിതാക്കളഉടെ വിവാഹത്തിന് മക്കള്‍ പങ്കെടുക്കുന്നതുമൊക്കെ യുഎസില്‍ തികച്ചും സാധാരണമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ ബൈജുവിന്റെയും ദീപയുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവാഹം കൗതുകവും സന്തോഷവുമായിരുന്നു.

പരസ്പരം മോതിരമിടാനൊരുങ്ങവെ കുറുമ്പത്തി വന്ന് ആ കൈ തട്ടിത്തെറിപ്പിക്കുന്നതും മാലയിടാനൊരുങ്ങവെ കുഞ്ഞുമകന്‍ അതവന് വേണമെന്ന് വാശിപിടിച്ച് കരയുകയുമൊക്കെ ചെയ്യുന്നത് കാഴ്ചക്കാരെ ആസ്വദിപ്പിക്കുന്ന കാഴ്ചകളാണ്. ഒടുവില്‍ ആദ്യം അവന്റെ കഴുത്തിലിട്ട ശേഷമാണ് അച്ഛന് മാലയിടാന്‍ അവന്‍ സമ്മതിച്ചത്. അതിനിടയില്‍ താലികെട്ടിന് പുഷ്പാഭിഷേകം നടത്തിയപ്പോഴും അവന്‍ വിട്ടില്ല കൈയില്‍ കിട്ടിയ പൂക്കളെല്ലാം കൂടി വാരി തങ്ങളെയെറിഞ്ഞവരെ തിരികെയെറിയുന്നതും വീഡിയോയില്‍ കാണാം.

മക്കള്‍ക്കൊപ്പം ഓരോ നിമിഷവും ആസ്വദിച്ചാണ് ബൈജുവും ദീപയും വിവാഹിതരായത്. വാശിക്കാരാണെങ്കിലും അമ്മയ്ക്ക് കമ്മലിട്ടതും പൊട്ടുവെച്ചു കൊടുത്തതും ഒടുവില്‍ ഉമ്മ വെച്ചതും അച്ഛന്‍ മണ്ഡപത്തിലേക്ക് വരുന്നത് കണ്ട് സന്തോഷം കൊണ്ട് കയ്യടിച്ചതുമൊക്കെ ഈ മക്കള്‍ താരങ്ങള്‍ തന്നെയാണ്. എന്തായാലും യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ മികച്ച കമന്റുകളുമായി കാഴ്ചക്കാരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ്.

DONT MISS
Top